കൊച്ചി: കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രി പി.രാജീവും മേയർ എം. അനിൽകുമാറും സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. കൊച്ചി കോർപറേഷൻ അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ചാണ് തോട് ശുചീകരണം . ഇതിനുപുറമെ ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി 20ലക്ഷം രൂപയും ഇറിഗേഷൻ വകുപ്പ് 6ലക്ഷം രൂപയും ചെലവഴിച്ച് തോട് നവീകരിക്കും. ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

കടമ്പ്രയാർ മുതൽ മുട്ടാർ പുഴ വരെ 10.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇടപ്പള്ളി തോട് കൊച്ചി കോർപറേഷൻ, തൃക്കാക്കര, കളമശേരി നഗരസഭകൾ എന്നീ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടുത്ത വർഷം മുതൽ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഏകോപിത സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓപ്പറേഷൻ വാഹിനി സഹായകമായിരുന്നു. ഈ വർഷം പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ കഴിഞ്ഞില്ല. നിലവിലെ സാഹചര്യം പരിഗണിച്ചാണ് ടെൻഡർ ഇല്ലാതെ പദ്ധതി തുടരാനുള്ള അനുമതി. മൂലേപ്പാടത്ത് വിശാലമായ കൽവെർട്ട് നിർമ്മിക്കുന്നതിനുള്ള പദ്ധതി ദേശീയ പാത അതോറിറ്റി 17ന് ആരംഭിക്കും. കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പൊറ്റച്ചാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 14.5 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.