അങ്കമാലി: ടൗണിൽ എസ്.ബി.ടിയുടെ മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുന:സ്ഥാപിക്കാൻ നഗരസഭ നടപടിയെടുക്കാത്തതിനാൽ യാത്രക്കാർ വലയുന്നു. മഴയും വെയിലുമേറ്റ് റോഡിൽകാത്തുനിന്ന് ബസിൽ കയറേണ്ട ഗതികേടിലാണ് യാത്രക്കാർ.
തിരക്കേറിയ ബസ് സ്റ്റോപ്പിൽ അശാസ്ത്രീയമായി നിർമ്മിച്ച കാത്തിരുപ്പ് കേന്ദ്രമാണ് പൊളിച്ചുമാറ്റിയത്. പൊളിച്ചുമാറ്റിയ സ്ഥലത്തുനിന്ന് അൻപതുമീറ്റർ തെക്കുവശത്തേക്കു മാറ്റിയായിരുന്നു ബസ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ബാഹ്യസമ്മർദ്ദത്തെ തുടർന്ന് അന്ന് കാത്തിരുപ്പ്കേന്ദ്രം റോഡിന്റെ ഇടുങ്ങിയ ഭാഗത്ത് സ്ഥാപിക്കുകയായിരുന്നു. ഗതാഗതതടസംപറഞ്ഞ് പൊളിച്ചുനീക്കിയതിനു പകരം പുതിയത് സ്ഥാപിക്കാൻ നഗരസഭ ആരംഭിച്ചിട്ടില്ല.
പറവൂർ, പെരുമ്പാവൂർ, ആലുവ, എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ കോരിച്ചൊരിയുന്ന മഴയത്തും പൊരിവെയിലത്തും റോഡരികിലും കടത്തിണ്ണയിലും കാത്തുനിൽക്കേണ്ട ഗതികേടിലാണ്. അൻപത് മീറ്റർ തെക്കുമാറി വീതിയേറെയുള്ളിടത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പൊളിച്ചുമാറ്റിയ ബസ് ഷെൽട്ടർ നിർദ്ദിഷ്ടസ്ഥലത്ത് നഗരസഭ അധികാരികൾ അടിയന്തിരമായി പുന: സ്ഥാപിക്കണം.
ബൈജു മേനാച്ചേരി
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം