നിർവഹണം ഡി.ബി.ഒ.ടി മാതൃകയിൽ
ആകെ ചെലവ് ₹ 4.38കോടി
ശുചിത്വമിഷൻ: ₹ 3,28,50,000
ദേവസ്വംബോർഡ്: ₹1,09,50,000
ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ കേരള ശുചിത്വമിഷനും കൊച്ചിൻ ദേവസ്വംബോർഡും ചോറ്റാനിക്കര പഞ്ചായത്തുംചേർന്ന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കും. തെക്കേനടയിൽ കംഫർട്ട് സ്റ്റേഷന്റെ മുന്നിലെ സ്ഥലത്താണ് പ്ളാന്റ് നിർമ്മിക്കുക.
പഞ്ചായത്തിന്റെ നടപ്പുസാമ്പത്തികവർഷത്തെ പദ്ധതിയിൽപ്പെടുത്തി ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ഡി.ബി.ഒ.ടി) മാതൃകയിലാണ് പദ്ധതി നിർവഹണം. അടുത്ത സാമ്പത്തികവർഷം പ്ളാന്റ് പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം.
മാലിന്യപ്രശ്നം ഗുരുതരം
ചോറ്റാനിക്കര ക്ഷേത്രത്തിലെ മാലിന്യസംസ്കരണപ്രശ്നം അതീവ ഗുരുതരമാണ്. പ്ളാസ്റ്റിക്, ജൈവമാലിന്യങ്ങൾ ദിനംപ്രതിയെന്നോണം കുന്നുകൂടുന്നുണ്ട്. കത്തിച്ചുകളയാൻ ഇൻസിനറേറ്റർ ഉണ്ടെങ്കിലും കാര്യക്ഷമമല്ല. പരിസരത്തെ കടക്കാരുൾപ്പടെ ക്ഷേത്രവളപ്പിലേക്ക് മാലിന്യംതള്ളുന്നുണ്ട്. ഇവ ദേവസ്വം ഇൻസിനറേറ്ററിൽ കത്തിച്ച് കളയാനാണ് ഈ തന്ത്രം. പഞ്ചായത്തിന്റെ മാലിന്യസംസ്കരണം കൃത്യമായി നടന്നാൽ ഇങ്ങിനെ സംഭവിക്കില്ല.
മഴകനത്തതോടെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രവളപ്പിനുള്ളിൽ അന്നദാന മണ്ഡപത്തിലെ മാലിന്യങ്ങൾ ഒഴുക്കുന്ന മൂന്നുകുഴികൾ ചീഞ്ഞുനാറുകയാണ്. വടക്കേനടയ്ക്ക് പിന്നിൽ ആനക്കൊട്ടിലിന് സമീപത്താണ് മൂന്നുസെന്റോളം സ്ഥലത്തെ മൂന്നുകുഴികൾ. ഭക്ഷ്യാവശിഷ്ടങ്ങളും മലിനജലവുമാണ് ഇവിടേക്ക് തള്ളുന്നത്. നക്ഷത്രോദ്യാനത്തിനും അതിനുചുറ്റുമുള്ള മരങ്ങൾക്കുമിടയിലാകയാൽ ഈ വൃത്തികേട് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടില്ല.
ദേവസ്വം ബോർഡും ശുചിത്വമിഷനും ചേർന്ന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതോടെ ചോറ്റാനിക്കര ക്ഷേത്രവളപ്പിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാകും. മഴവെള്ളം ഒഴുകി വന്നതിനാലാണ് കുഴി നിറഞ്ഞിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇവിടം വൃത്തിയാക്കാനുള്ള നടപടിയെടുക്കും.ബിജു ആർ.പിള്ള
അസിസ്റ്റന്റ് കമ്മിഷണർ, ചോറ്റാനിക്കര ദേവസ്വം
അന്നദാനമണ്ഡപത്തിന് സമീപത്തെ മാലിന്യനിക്ഷേപം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ അത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും.ഉറപ്പായും നടപടി സ്വീകരിക്കും.
പ്രകാശൻ ശ്രീധരൻവാർഡ് മെമ്പർ & ക്ഷേത്രഉപദേശകസമിതി അംഗം