p

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എം.ടെക് ഇൻ ബയോഎൻജിനിയറിംഗ് പ്രോഗ്രാമിന് ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലെ ബയോമെഡിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദാനന്തര പ്രോഗ്രാമാണിത്. എൻ.ഐ.ടിയിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ബയോസയൻസ് & എൻജിനിയറിംഗാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഒരുവർഷം എൻ.ഐ.ടി കോഴിക്കോടും, രണ്ടാം വർഷം യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിലും പഠിക്കാം. അമേരിക്കയിലെ പഠനത്തോടൊപ്പം ഗവേഷണ തീസിസ് സമർപ്പിക്കുന്നവർക്കു എം.എസ് ബിരുദാനന്തര ബിരുദത്തിന് അർഹത നേടാം.

നാലു വർഷ ബി.ടെക് ഇൻ ബയോടെക്‌നോളജി, ബയോഎൻജിനിയറിംഗ്, ബയോഇൻഫർമാറ്റിക്‌സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഫാർമസി, എം.ബി.ബി.എസ്, ലൈഫ് സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 60% മാർക്ക്/ CGPA 6 ലഭിച്ചിരിക്കണം. ഒ.ബി.സി, എസ്.സി, എസ്. ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം/ 5.5 CGPA മതിയാകും.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.ഐ.ടി കോഴിക്കോടിന്റെ ബയോ എൻജിനിയറിംഗിലെ എം.ടെക്കും, യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിന്റെ ബയോമെഡിക്കൽ എൻജിനിയറിംഗിലെ എം.എസും ലഭിക്കുന്ന മികച്ച ഡയൽ ഡിഗ്രി പ്രോഗ്രാമാണിത്. യൂണിവേഴ്‌സിറ്റി ഒഫ് നോർത്ത് ടെക്‌സസിൽ പഠിക്കാൻ ആദ്യ വർഷം എം.ടെക്കിന് 7 CGPA നേടണം. 10000 അമേരിക്കൻ ഡോളറാണ് അമേരിക്കയിലെ വാർഷിക ട്യൂഷൻ ഫീസ്.

മൊത്തം 15 സീറ്റുകളുണ്ട്. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓൺലൈനായി ജൂൺ അഞ്ചു വരെ അപേക്ഷിക്കാം. www.nitc.ac.in/admissions-pg.

ഇ മെയിൽ- pgadmissions@nitc.ac.in - ഫോൺ 7034011575.

എം.ടെക് ബയോമെഡിക്കൽ എൻജിനിയറിംഗ് @ SCTIMST

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജി 2024 -25 വർഷത്തേക്ക് എം.ടെക് ബയോമെഡിക്കൽ എൻജിനിയറിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ 20 വരെ അപേക്ഷിക്കാം. ഹൃദയ വാൽവുകൾ, ബ്ലഡ് ബാഗ് തുടങ്ങി നിരവധി ബയോമെഡിക്കൽ ഉത്പന്നങ്ങൾ വ്യാവസായികമായി ഉരുത്തിരിച്ചെടുക്കുന്ന മികച്ച ഗവേഷണത്തിനാണ് ബയോമെഡിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രാധാന്യം നൽകുന്നത്. സംരംഭകരെയും ബയോമെഡിക്കൽ രംഗത്തെ മികച്ച അദ്ധ്യാപകരെയും വാർത്തെടുക്കാനുതകുന്ന സിലബസാണ് എം.ടെക് ബയോമെഡിക്കൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡും ലഭിക്കും. www.sctimst.ac.in.