മൂവാറ്റുപുഴ: വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പരീക്ഷകളിൽ ഉന്നതവിജയം നേടുന്നവരോടൊപ്പം തന്നെ പരാജയപ്പെടുന്നവരെയും ചേർത്ത് നിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം ഷാജി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസ് അദ്ധ്യക്ഷത വഹിച്ചു.
കരിയർ ഗൈഡൻസ് ക്ലാസിന് അസി. പ്രൊഫ. അബ്ദുൽ അലി നേതൃത്വം നൽകി. ഇ.എം ഷാജി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ. മുഹമ്മദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, വി.എസ്. മുരളി, യു.പി വർക്കി, പി.ജി പ്രദീപ്കുമാർ, കെ.കെ സുമേഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മെമന്റോയും തെങ്ങിൻതൈയും നൽകിയാണ് ആദരിച്ചത്. മൂവാറ്റുപുഴ പ്രസ്സ് ക്ലബ് സെക്രട്ടറി പി.എസ്. അനൂബ്, ട്രഷറർ സി.കെ. ഉണ്ണി, കുടുംബശ്രീ സി.ഡി.എസായി പ്രവർത്തിക്കുന്ന ലീലാമ്മ പള്ളിച്ചാൻകുടി എന്നിവരെ ഗോപി കോട്ടമുറിക്കൽ ആദരിച്ചു.