കോലഞ്ചേരി: ഇടവിട്ടുവരുന്ന കനത്തമഴയും വെയിലും പനിബാധിതരുടെ എണ്ണം കൂട്ടുന്നു. കെട്ടിക്കിടക്കുന്ന വെള്ളം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോടെ ഡെങ്കിപ്പനിക്കും സാദ്ധ്യതവർദ്ധിച്ചു. കോലഞ്ചേരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ചാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. റബർതോട്ടങ്ങളിലെ ചിരട്ടകളിലും വീടുകളിലെ പരിസരപ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് വളരാനുള്ള സാഹചര്യമുണ്ട്. നേരത്തെ ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആയി ആചരിച്ച് ശുചീകരണം നടത്തുന്ന പതിവുണ്ടായിരുന്നു.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. റബർ, പൈനാപ്പിൾ തോട്ടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ വീണുകിടക്കുന്നതും ടാപ്പിംഗിനുശേഷം കമഴ്ത്തിവയ്ക്കാത്തതുമായ ചിരട്ടകൾ, റബർതോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്​റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയിലും വെള്ളംകെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. വൈറൽപനി കൂടുന്നുണ്ടെങ്കിലും എല്ലാ ആശുപത്രികളിലും ചികിത്സാസംവിധാനങ്ങളുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാണ്. വിവിധ സംഘടനകളുടെ

നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണപ്രവർത്തനം നടത്തുന്നുണ്ട്.

* ശ്രദ്ധിക്കേണ്ടത്

1 സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്തണം. 2 പൂച്ചെട്ടികളിൽ വെള്ളംകെട്ടിക്കിടക്കരുത്

3 ഉപയോഗിക്കാത്ത ക്ലോസ​റ്റ് ആഴ്ചയിലൊരിക്കൽ ഫ്ളഷ് ചെയ്യണം

4 റബർതോട്ടത്തിന്റെ 200മീ​റ്റർ ചു​റ്റളവിൽ മാലിന്യമരുത്

കരുതിയിരിക്കാം എലിപ്പനിയെ

മഴക്കാലത്താണ് എലിപ്പനി വ്യാപകമാകുന്നത്. ആരംഭത്തിലേ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താം. എന്നാൽ വൈറൽപ്പനിപോലെ തോന്നിക്കുന്നതിനാൽ രോഗം കണ്ടുപിടിക്കാൻ വൈകും. തുടക്കത്തിൽ മഞ്ഞപ്പിത്തമാണന്നും തെ​റ്റിദ്ധരിക്കും. മലിനജലവുമായി ബന്ധപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത പനി, കണ്ണിലും ശരീരത്തിലും മഞ്ഞനിറം, മൂത്രത്തിന് നിറംമാ​റ്റം. കണ്ണിൽ രക്തസ്രാവം, കടുത്ത തലവേദന, രക്തത്തിലെ ക്രിയാ​റ്റിൻ അളവ് വർദ്ധിക്കൽ തുടങ്ങിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്വയം ചികിത്സ അരുത്.