നെടുമ്പാശേരി: ആർദ്ര മനസുമായി പുണ്യം നിറഞ്ഞ ഭവനത്തിലേക്ക് യാത്ര പോവുമ്പോൾ നമ്മുടെ പ്രാർത്ഥനകൾ സ്വന്തം വിഷയങ്ങൾക്കൊപ്പം തന്നെ മാനവകുലത്തിന്റെ നന്മയ്ക്കുവേണ്ടി കൂടിയുള്ളതാവണമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ ഹാജിമാരുടെ യാത്ര അയപ്പ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തസ്‌ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. സി.എ. മൂസാ മൗലവി മൂവാറ്റുപുഴ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹജ്ജ് സെൽ ഓഫീസർ എം.ഐ. ഷാജി ക്ളാസെടുത്തു.
* 289 ഹാജിമാർ കൂടി ജിദ്ദയിലേക്ക് തിരിച്ചു, ഇന്ന് 278 പേർ
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ഇന്നലെ 289പേർകൂടി യാത്രതിരിച്ചു. ഇന്ന് ഉച്ചക്ക് 278 തീർത്ഥാടകർ കൂടി യാത്ര തിരിക്കും. ഇവർക്കുള്ള യാത്രഅയപ്പും പ്രാർത്ഥനാചടങ്ങും രാവിലെ ഏഴിന് നടക്കും.