മൂവാറ്റുപുഴ: നവാഗതരായ വിദ്യാർത്ഥികളേയും മദ്ധ്യവേനലവധിക്ക് ശേഷമെത്തുന്ന വിദ്യാർത്ഥികളെയും സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴയിലെ വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി. ഇന്നുമുതൽ വീണ്ടും സജീവമാകുന്ന സ്‌കൂളുകളിൽ പ്രവേശനോത്സവം വർണാഭമാക്കുന്നതിനുള്ള തിരക്കിലാണ് അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും. സ്കൂളുകളെല്ലാം ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചുകഴിഞ്ഞു.
പുതിയ പാഠപുസ്തകങ്ങൾ ഒരുക്കിയും ക്ലാസ് മുറികളിൽ പുസ്തകങ്ങളിലെ തന്നെ ചിത്രങ്ങൾ വരച്ചും കണക്കിലെ പട്ടികകൾ എഴുതി പ്രദർശിപ്പിച്ചും ക്ലാസ് മുറികൾ റെഡിയാക്കിയിട്ടുണ്ട്. ബലൂണുകളും മിഠായിയും സമ്മാനങ്ങളും അക്ഷരത്തൊപ്പിയും അക്ഷരപ്പതാകയുമടക്കം നൽകി പ്രവേശനോത്സവം വ്യത്യസ്തമാക്കുനുള്ള അവസാനവട്ടശ്രമത്തിലാണ് ബന്ധപ്പെട്ടവർ.