പെരുമ്പാവൂർ: 2023ലെ ദേശീയ പുരസ്ക്കാരം ലഭിച്ച പെരുമ്പാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യനെ ആദരിച്ചു. എറണാകുളം റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത്കുമാർ മെമന്റോ നൽകി. വിവിധ രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുകയും, ചുമതല വഹിക്കുകയും ചെയ്തിട്ടുള്ള സുബ്രഹ്മണ്യൻ 2022ലെ മികച്ച സേവനത്തിന് ഡയറക്ടർ ജനറൽ ബാഡ്ജ് ഒഫ് ഓണർ പുരസ്കാരവും ബ്രഹ്മപുരം മാലിന്യപ്ലാന്റി അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഡയറക്ടർ ജനറലിന്റെ സ്പെഷ്യൽ ബാഡ്ജ് ഒഫ് ഓണർ പുരസ്കാരവും 19 (ഗുഡ് സർവീസ്) സദ്‌സേവനപത്രവും കിട്ടിയിട്ടുണ്ട്. ചടങ്ങിൽ ജില്ലാ ഫയർഓഫീസർ കെ. ഹരികുമാർ സംസാരിച്ചു.