പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിൽ മലിനജല വിതരണംമൂലം പൊതുജനങ്ങളെ മഞ്ഞപ്പിത്ത ബാധിതരാക്കിയും മൂന്നുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ജലഅതോറിറ്റി ജീവനക്കാരുടെയും പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അംഗങ്ങളുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പെൻഷണേഴ്സ് സംഘ് കുന്നത്തുനാട് താലൂക്ക് പ്രവർത്തക സമിതിയോഗം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഇവരിൽനിന്ന് ഈടാക്കി നൽകുകയും ചെയ്യണം. പെൻഷൻ പരിഷ്കരണ, ക്ഷേമാശ്വാസ കുടിശിക ഉടൻ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ജി. ശിവരാമൻനായർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം നിലക്കൽ ഗംഗാധരൻ, കെ. ചന്ദ്രബോസ്, എം.ജെ. ജയശ്രീ, കെ. ലക്ഷ്മണൻ, ടി. ജി. രഘു, എൻ.വി. സോമരാജൻ എന്നിവർ സംസാരിച്ചു.