ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെയും ശ്രീനാരായണ ഗിരി ലൈബ്രറിയുടെയും ഇൻസയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണഗിരിയിൽ ഐഷ ഗോപാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. രതി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഐഷ ഗോപാലകൃഷ്ണൻ എഴുതിയ എബ്രഹാം ലിങ്കൺ എന്ന പുസ്തകത്തിന്റെ മൂന്നാംപതിപ്പ് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റ് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് പ്രകാശിപ്പിച്ചു. സേവികാസമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ ആദ്യപതിപ്പ് ഏറ്റുവാങ്ങി. ഇൻസ മുഖ്യരക്ഷാധികാരി ജസ്റ്റിസ് കെ. സുകുമാരൻ പുസ്തകാവതരണം നടത്തി. ഡോ. വിമല മേനോൻ, ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ സംസാരിച്ചു. എം.ജി സർവകലാശാല ബി.എസ്‌സി കണക്ക് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ പൂജ സുരേഷിനെ ആദരിച്ചു.