ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ജനകീയ പ്രക്ഷോഭം നടക്കും. ഒരാളുടെ ജീവനെടുക്കുകയും ഹൈക്കോടതിവരെ ഇടപെടുകയും നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടും നിസംഗത പുലർത്തുന്ന പൊതുമരാമത്ത് വകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
കുട്ടമശേരി ജനകീയ റോഡ് സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭജാഥ ഇന്ന് രാവിലെ 10ന് ചാലക്കൽ പെരിയാർ പോർട്ടറീസ് കവലയിൽ നിന്നാരംഭിച്ച് കുട്ടമശേരി സർക്കുലർ ജംഗ്ഷനിൽ സമാപിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിരവധി ആളുകൾ പങ്കെടുക്കുമെന്ന് ജനകീയ റോഡ് സുരക്ഷാസമിതി ഭാരവാഹികൾ അറിയിച്ചു.