കൊച്ചി: ഇടപ്പള്ളിത്തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നാരോപിച്ച് വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് മേയർ എം. അനിൽകുമാ‌ർ. നഗരത്തിലെ തോടുകൾ ശുചീകരിക്കുന്നത് എത്രത്തോളം നടന്നുവെന്നും ഇനിയെത്ര നടക്കാനുണ്ട് എന്നതിന്റെയും നേർസാക്ഷ്യമാണ് ഇടപ്പള്ളിത്തോടിന്റെ ശുചീകരണം. കടമ്പ്രയാർ മുതൽ മുട്ടാർപുഴ വരെ നീണ്ടുനിൽക്കുന്ന 10.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇടപ്പള്ളിത്തോട്. നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തീകരിച്ച് മാർച്ച് 14ന് എഗ്രിമെന്റും വച്ചിരുന്നു. നാല് റീച്ചായിട്ടാണ് ടെൻഡർ നടത്തിയത്.

ഇതിൽ രണ്ട് റീച്ചിന്റെ പ്രവർത്തനം വളരെ വേഗത്തിൽ നടന്നു. മന്ദഗതിയിൽ നടക്കുന്നതാണ് ലുലുവിന്റെ സമീപത്തെ റീച്ചും, എൻ.എച്ച് മുതൽ പൈപ് ലൈൻ പാലം വരെയുള്ള റീച്ചും. ഈ ഭാഗത്ത് മന്ത്രി പി. രാജീവ് സന്ദർശനം നടത്തിയിരുന്നു.

ഇടപ്പള്ളി തോടിന്റെ ഒരു ഭാഗത്ത് കളമശേരി നഗരസഭയും മറ്റൊരു ഭാഗത്ത് തൃക്കാക്കര നഗരസഭയുമാണ്. നേരത്തെ ഈ തോടുകളുടെ മേൽനോട്ട ചുമതല ഇറിഗേഷൻ വകുപ്പിനായിരുന്നു. വർഷങ്ങളായി കൊച്ചി കോർപറേഷനാണ് തോടുകളുടെ ശുചീകരണ പ്രവർത്തനം നടത്തുന്നത്. പഴയതിൽ നിന്ന് വ്യത്യസ്തമായി തോടുകളുടെ ഇരുഭാഗത്തും വീടുകളും സ്ഥാപനങ്ങളുമാണ്. ചില തുറസായ സ്ഥലങ്ങളിൽ പോളയും പായലും കോരി വയ്ക്കുന്നുണ്ടെങ്കിലും റോഡ് ഗതാഗതം ഇല്ലാത്തതിനാൽ ചെളി നീക്കം നടക്കില്ല.

കനാൽ പുനരുജ്ജീവന പദ്ധതി

തോടുകളുടെ നവീകരണത്തിൽ ഏറ്റവും പ്രധാനമാണ് 3500 കോടി രൂപയുടെ കനാൽ പുനരുജ്ജീവന പദ്ധതി. കെ.എം.ആർ.എൽ നടപ്പാക്കുന്ന പദ്ധതിയിൽ ആറുതോടുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. മാർക്കറ്റ് കനാൽ കഴിഞ്ഞാൽ പിന്നെ ഇടപ്പള്ളി തോടിനാണ് പദ്ധതിയിൽ മുൻഗണന. പദ്ധതിയിൽ തോടിന് വശങ്ങളിലായി റോഡുകൾ, സ്വീവേജ് ലൈൻ എന്നിവയുണ്ടാകും. ഏതുസമയത്തും തോടുകോരി മാലിന്യം കൊണ്ടുപോകാനുള്ള സംവിധാനമുണ്ടാകും.

നഗരസഭകൾ കൂടി മുന്നിട്ടിറങ്ങണം

തോടുകളുടെ ശുചീകരണത്തിന് 74 ലക്ഷം രൂപയാണ് കോർപറേഷൻ വകയിരുത്തിയിരിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇറിഗേഷൻ ആറുലക്ഷത്തിന്റെയും ഓപ്പറേഷൻ വാഹനിയിൽ 20 ലക്ഷത്തിന്റെയും പ്രവർത്തികൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി പദ്ധതി ചെലവ് കോർപറേഷൻ വഹിക്കും. തൃക്കാക്കര, കളമശരി നഗരസഭകൾ കൂടി ഇക്കാര്യത്തിൽ മുന്നോട്ടു വരണം.

ആകെ പദ്ധതി ചെലവ് 73,99,448 രൂപ