
പറവൂർ: ടർണർ സിൻഡ്രോം എന്ന അപൂർവരോഗ ബാധിതയായ പത്ത് വയസുകാരി ജുവാനയുടെ ചികിത്സ തുടരാൻ സുമനസുകളുടെ സഹായം തേടുന്നു. ഗോതുരുത്ത് പുത്തേഴത്ത് ജിമൽ റോയിയുടെയും റോസ്‌ലിമയുടെയും മൂത്തമകളാണ്. ജുവാനയ്ക്ക് നാല് വയസിന് ശേഷം വളർച്ചയില്ലാതായി. ഒമ്പത് വയസായിട്ടും മാറ്റമൊന്നും കാണാതായതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒട്ടേറെ പരിശോധനകൾക്ക് ശേഷം വളർച്ച കുറവുണ്ടാക്കുന്ന ടർണർ സിൻഡ്രോം ആണെന്ന് സ്‌ഥിരീകരിച്ചു. പ്രതിമാസം മരുന്നിനും മറ്റുമായി 35,000 രൂപയാണ് ചെലവ്. 16 വയസുവരെ മരുന്ന് തുടരണമെന്നാണ് ഡോക്ടറുടെ നിർദേശം. ഒരു വർഷം തുടർച്ചയായി മരുന്ന് കഴിച്ചു.
ജിമൽ റോയ് ഗൾഫിൽ ലുലുവിൽ സെയിൽസ്‌മാനായിരുന്നു. ടി.ബി രോഗ ബാധിതനായപ്പോൾ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. ഇതിന് ശേഷം മറ്റു വരുമാനമാർഗങ്ങളൊന്നും ഇല്ലാതായിരുന്നു കുടുംബത്തിന്. എങ്കിലും മകളുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ ശ്രമിക്കവെയാണ് തലച്ചോറിൽ അപൂർവമായി വരുന്ന ജി.ബി.എസ് (ഗലേൻ ബേർ സിൻഡ്രോം) എന്ന രോഗം ജിമൽറോയിയെ പിടികൂടിയത്. ചികിത്സയുടെ ഭാഗമായി ഏഴ് തവണ ശരീരത്തിലെ പ്ലാസ്‌മ റീസൈക്ലിംഗ് ചെയ്‌തു. തുടർന്ന് വലിയ കടബാധ്യതയുണ്ടായി. താമസിക്കുന്ന വീടും സ്‌ഥലവും ജപ്‌തിയുടെ വക്കിലെത്തി. ജിമൽ റോയിയുടെ രോഗവിവരം ചൂണ്ടിക്കാണിച്ചാണ് കോടതിയിൽ നിന്ന് താത്കാലികമായി ജപ്‌തി നീട്ടിയത്. ബാങ്കിൽ 40 ലക്ഷം രൂപയിലേറെ കടമുണ്ട്.
ചികിത്സാസഹായം ലഭ്യമാക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ജുവാന ജിമൽ റോയ് ചികിത്സാ സഹായനിധി രൂപീകരിച്ചു. വാർഡ് അംഗം ഷിപ്പി സെബാസ്‌റ്റ്യന്റെയും പിതാവ് ജിമൽ റോയിയുടെയും പേരിൽ യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 337802010033788. ഐ.എഫ്.എസ്.സി കോഡ്: UBIN0533785.