y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് വക പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന്റെ പേരിൽ സംഘർഷം. ശനിയാഴ്ച രാത്രി നിര്യാതനായ പൊതുമൂല വടക്കേവെളി ജയപ്രകാശിന്റെ മൃതദേഹ സംസ്കാര ചടങ്ങ് ഇന്നലെ വൈകിട്ട് 5നാണ് നിശ്ചയിച്ചിരുന്നത്. കൃത്യ സമയത്ത് തന്നെ മൃതദേഹവുമായി എത്തിയ ബന്ധുക്കൾ ശ്മശാനം അടച്ചതായാണ് കണ്ടത്. ജീവനക്കാരൻ സ്ഥലത്തില്ലായിരുന്നു. മതിൽ ചാടിക്കടന്ന് താക്കോൽ തരപ്പെടുത്തിയാണ് ഗേറ്റ് തുറന്ന് മൃതദേഹം അകത്തു കയറ്റിയത്. ജീവനക്കാരൻ എത്താൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും കോപാകുലരായി. ഇതോടെ വാക്കുതർക്കത്തിലേക്കും സംഘർഷത്തിലേക്കും കാര്യങ്ങൾ നീങ്ങി.

മുൻപും ഇത്തരത്തിൽ വൈകിട്ട് 4ന് നിശ്ചയിച്ചിരുന്ന സംസ്കാരത്തിന് മൃതദേഹവുമായി എത്തിയ ബന്ധുക്കൾ കണ്ടത് 3 മണിക്ക് പഞ്ചായത്ത് അധികൃതർ എടുത്ത ബുക്കിംഗ് അനുസരിച്ച് മറ്റൊരു മൃതദേഹം ദഹിപ്പിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ബന്ധുക്കളോട് ശ്മശാന ജീവനക്കാരൻ കയർത്താണ് സംസാരിച്ചത്. ഇതേത്തുടർന്ന് സംസ്കാരത്തിന് ആറര വരെ ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വന്നു.

മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സംസ്കാരത്തിന്റെ തുകയും അടച്ച് രസീതുമായി എത്തുമ്പോൾ പലപ്പോഴും നടത്തിപ്പുകാരൻ കാണില്ല. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാരൻ 8 മണി മുതൽ 5 മണി വരെ ഡ്യൂട്ടിയിൽ വേണ്ടതാണ്. എം.പി. ഷൈമോൻ, പ്രതിപക്ഷ നേതാവ്.