prathapan

ആലുവ/കൊച്ചി: ഇറാൻ രാജ്യാന്തര അവയവക്കച്ചവട സംഘത്തിന്റെ ഇരയായ പാലക്കാട് സ്വദേശി ഷെമീർ തീരെ അവശനെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. രണ്ടു മാസം മുമ്പാണ് ഷെമീറിനെ ഇറാനിലെത്തിച്ച് വൃക്കയെടുത്തത്. തുടർന്ന് തിരിച്ചെത്തി പൊള്ളാച്ചിയിൽ താമസിക്കുകയായിരുന്നു. പ്രധാന ഏജന്റായ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ പിടിയിലായതിന് പിന്നാലെ ഇയാൾ മുങ്ങി.

ഇതോടെ തുടർചികിത്സ മുടങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അവയവം ദാനംചെയ്താൽ മാസങ്ങൾ നീളുന്ന തുടർചികിത്സ വേണം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഖ്യസൂത്രധാരൻ പാലാരിവട്ടം സ്വദേശി മധുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് പ്രത്യേക അന്വേഷണ സംഘം വേഗംകൂട്ടി. ഇയാളുടെ പാസ്‌‌പോർട്ട് റദ്ദാക്കാൻ ഉടൻ അപേക്ഷ നൽകും.

മധുവിനെ പിടികൂടിയാൽ ആരെയെല്ലാം ഇറാനിൽ എത്തിച്ചെന്ന് വ്യക്തമാകും. കഴിഞ്ഞദിവസം അറസ്റ്രിലായ മുഖ്യ ഇടനിലക്കാരൻ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദാണ് (പ്രതാപൻ) മധുവിനായി ഇരകളെ കണ്ടെത്തി ഇറാനിൽ എത്തിച്ചിരുന്നത്. എട്ട് സംസ്ഥാനങ്ങളിൽ അവയവകൈമാറ്റം നിയന്ത്രിച്ചിരുന്നത് രാം പ്രസാദാണ്. അവയവം വിൽക്കാൻ സന്നദ്ധരായി എത്തുന്നവരുടെ രക്തം പരിശോധിച്ച് ഇയാൾ ഡാറ്റാബേസ് തയ്യാറാക്കിയിരുന്നു. ഇറാനിൽ നിന്ന് രക്തഗ്രൂപ്പ് അറിയിച്ച് മധുവിന്റെ അറിയിപ്പെത്തുമ്പോൾ ഡാറ്റാബേസിൽ നിന്ന് ആളെ കണ്ടെത്തും. ഇയാളെ പത്തു ദിവസം കസ്റ്രഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.