മൂവാറ്റുപുഴ: വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ മിഷൻ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നൽകിവന്നിരുന്ന ഫണ്ട് വിതരണം പുന:സ്ഥാപിക്കണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്കായി എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽപ്പോലും രാഷ്ട്രീയം കലർത്തുന്ന നടപടി അപലപനീയമാണ്. പൊതുവികസനത്തെ എതിർക്കാനും മുടക്കാനും ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഴക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എൽ.എ ഓഫീസിൽ കൺട്രോൾ റൂം തുറക്കും.
മലങ്കര ഡാമിന്റെ ജലനിരപ്പ് പ്രത്യേകം നിരീക്ഷിക്കും. കൃത്യമായ വിവരങ്ങൾ യഥാസമയം ജനങ്ങൾക്ക് മാദ്ധ്യമങ്ങൾവഴി ലഭ്യമാക്കും. ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സ്ഥിതി ഉണ്ടായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള നടപടികൾ തുടങ്ങുവാൻ എം.എൽ.എ നിർദ്ദേശം നൽകി. യു.ഡി.എഫ് ചെയർമാൻ കെ.എം സലിം അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ കെ.എം അബ്ദുൾ മജീദ്, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി. ബേബി, ബിനോ കെ. ചെറിയാൻ, സുറുമി അജീഷ്, ജാൻസി മാത്യു, എന്നിവർ സംസാരിച്ചു.