textbook

കൊച്ചി: സ്കൂൾ തുറന്നെത്തിയപ്പോൾ കുട്ടികളെ കാത്തിരുന്ന് പുത്തൻ പുസ്തകങ്ങൾ. അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പാഠപുസ്തകങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു വിതരണം. പൊതുവിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേർന്ന് 14 ജില്ലകളിലും പാഠപുസ്തക വിതരണം കുടുംബശ്രീക്കാണ് ചുമതല. 14 എ.ഇ.ഒമാരുടെ കീഴിലുള്ള 365 സ്കൂൾ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്തത്. ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. അൺ എയ്ഡഡ് സ്കൂളുകളിലെ പുസ്തക വിതരണം സ്കൂൾ അധികൃതർ നൽകിയ പട്ടിക പ്രകാരം നൽകിക്കൊണ്ടിരിക്കുകയാണ്. ഇത് ഉടൻ പൂർത്തിയാകും. മാർച്ച് ഒന്നിന് തുടങ്ങിയ വിതരണം മേയ് 30ന് മുമ്പ് അവസാനിച്ചു.

ആലുവയിലായിരുന്നു ജില്ലയിലെ പുസ്തക വിതരണ കേന്ദ്രം. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർ‌ത്ഥികൾക്കുള്ള പുസ്തകങ്ങളാണ് എത്തിച്ചത്. തുടർച്ചയായ നാലാം വർഷമാണ് കുടുംബശ്രീ പുസ്തക വിതരണം ഏറ്റെടുത്ത് നടത്തുന്നത്.

പുസ്തകം ഓരോന്നായി തരംതിരിച്ച് കൃത്യമായി പാക്ക് ചെയ്ത് അതത് ഹബ്ബുകളിൽ നിന്ന് ജില്ലകളിലെ സൊസൈറ്റികളിലേക്ക് എത്തിക്കും. ജില്ലയിലെ ഒരു സൂപ്പർവൈസറുടെയും 14 സോ‌ർട്ടിംഗ് സ്റ്റാഫുകളുടെയും നേതൃത്വത്തിലായിരുന്നു പുസ്തക വിതരണം. സോർട്ടിംഗ് സ്റ്റാഫിന് 750 രൂപയും സൂപ്പർവൈസർക്ക് 950 രൂപയുമായിരുന്നു വേതനം. അധികസമയം ജോലി ചെയ്താൽ ഓരോ മണിക്കൂറിനും 100 രൂപ ലഭിക്കും.

സംസ്ഥാനത്ത് 350ഓളം കുടുംബശ്രീ വനിതകളാണ് പുസ്തക വിതരണത്തിന് നേതൃത്വം നൽകിയത്.
എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലേതുൾപ്പെടെ 13000ത്തോളം വിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

ജില്ലയിൽ വിതരണം ചെയ്ത പുസത്കങ്ങൾ- 2123913

ആകെ സ്കൂൾ സൊസൈറ്റികൾ- 365

സംസ്ഥാനത്ത് വിതരണം ചെയ്തത്- 2.97 കോടി

ആകെ സ്കൂൾ സൊസൈറ്റികൾ- 3000