കൊച്ചി: മഴക്കാലത്തിനുമുമ്പ് നഗരപ്രദേശത്തെ കാനകളിലേയും കനാലുകളിലേയും മാലിന്യവും തടസവുംനീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിൽ കോർപ്പറേഷന്റെ നടപടികൾ വിജയിച്ചില്ലെന്ന് ഹൈക്കോടതി. കോരിയെടുത്ത ചെളിയും മാലിന്യങ്ങളും ഓരങ്ങളിൽത്തന്നെ കൂട്ടിവച്ചിരിക്കുകയാണ്. ഇത് നീക്കുന്നതിന് എന്തു നടപടിയെടുത്തെന്നും ആർക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഏതെല്ലാം കടകളിൽ നിന്നും പാർപ്പിടസമുച്ചയങ്ങളിൽ നിന്നുമാണ് ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നതെന്ന വിവരവും റിപ്പോർട്ടിലുണ്ടാകണം. ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.

തേവര - പേരണ്ടൂർ കനാലിലെ മാലിന്യംനീക്കാൻ എന്തുനടപടി സ്വീകരിച്ചെന്ന കാര്യത്തിൽ പ്രത്യേകറിപ്പോർട്ട് നൽകാൻ കോടതിയിൽ നേരിട്ടു ഹാജരായ നഗരസഭാ സെക്രട്ടറിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഈ കനാലും മട്ടാഞ്ചേരി പാലത്തിനടുത്തുള്ള കായൽമേഖലയും ശുചീകരിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നുവെന്നും നിരീക്ഷിച്ചു.

ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ ബയോമൈനിംഗ് കനത്തമഴയിലും പുരോഗമിക്കുന്നുണ്ടെന്ന് തദ്ദേശവകുപ്പ് അഡി. പ്രിൻസിപ്പൽ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇതിൽ നാലുലക്ഷംടൺ മാലിന്യം സംസ്കരിച്ചു. 2.72ലക്ഷംടൺ സംസ്കരിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കോർ‌പ്പറേഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം മാലിന്യവിഷയം കോടതി 14ന് വീണ്ടും പരിഗണിക്കും.