dh

കാലടി: ശ്രീ ശാരദാ വിദ്യാലയത്തിലെ പ്രവേശനോത്‌സവത്തിൽ കുട്ടികളെ വരവേറ്റത് ഇപ്പിയെന്നും ചിപ്പിയെന്നും പേരുള്ള റോബോട്ടിക് ആനയും റോബോട്ടിക് നായയും. ലക്ഷണമൊത്ത ആനയെ സ്‌കൂൾ മുറ്റത്ത് കണ്ടപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ഇപ്പിയുമായി കുട്ടികൾ വലിയ ചങ്ങാത്തത്തിലായി. ആനയെ തലോടിയും തുമ്പിക്കൈയിൽ മുത്തമിട്ടും കുട്ടികൾ സ്‌നേഹം പ്രകടിപ്പിച്ചു. ചെവിയാട്ടിയും തലകുലുക്കിയും ആന കുട്ടികളെയും വരവേറ്റു. റിമോട്ടിൽ പ്രവർത്തിക്കുന്നതായിരുന്ന നായകുട്ടി. കുട്ടികളുടെ പാട്ടിനൊത്ത് ചിപ്പി നായ നൃത്തംവച്ചു. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താനാണ് റോബോട്ടിക് ആനയെയും നായക്കുട്ടിയെയും സ്‌കൂൾ അധികൃതർ പ്രവേശനോത്‌സവത്തിന് എത്തിച്ചത്. പ്രവേശനോത്‌സവം ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.