vijayam-canal

* ചെല്ലാനത്ത് ജനകീയ ചർച്ചായോഗം

പള്ളുരുത്തി: ചെല്ലാനത്തിന്റെ 101വർഷത്തെ ഭൂവിഭവ ചരിത്രത്തിന്റെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട് പുത്തൻതോട്ടിൽ പുതിയ അഴിതുറന്ന് അന്ധകാരനഴിവരെ കടൽമുതൽ കടൽവരെയുള്ള ജലപാത ഒരുക്കണമെന്ന ആവശ്യം ശക്തമായി. ചെല്ലാനത്ത് ചേർന്ന ജനകീയ ചർച്ചായോഗത്തിലാണ് ആവശ്യമുയർന്നത്.

കൊച്ചി രാജാവിന്റെ തീരുമാനപ്രകാരം 1923ലാണ് ചെല്ലാനത്തെ 11കിലോമീറ്റർ നീളംവരുന്ന വിജയം കനാലിന്റെ കൃത്രിമനിർമ്മാണം പൂർത്തിയാക്കിയത്. യാത്ര, വാണിജ്യ ജലഗതാഗതം, സമഗ്രജലസേചനം, വെള്ളക്കെട്ട് നിവാരണം, മത്സ്യസമ്പത്ത് എന്നിവയ്ക്ക് നാടിന്റെ അത്താണിയായിരുന്ന വിജയംകനാലിന്റെ ഇന്നത്തെ അവസ്ഥ അതിശോചനീയമാണ്.

100 വർഷം മുമ്പ് ചെല്ലാനത്ത് ഒട്ടേറെ പൊഴികൾ നിലനിന്നിരുന്നു. അവയുടെ അപ്രത്യക്ഷമാകൽ നാടിന്റെ ഭൂവിഭവഘടനയെ മാറ്റിമറിച്ചിട്ടുണ്ട്.

* ജലപാത നിർദ്ദേശങ്ങൾ

പുത്തൻതോട്ടിൽ പുതിയ അഴിമുറിച്ചും അന്ധകാരനഴി സ്ഥിരമായി തുറന്നിട്ട് നിയന്ത്രിച്ചും കല്ലഞ്ചേരി കായൽമുതൽ അന്ധകാരനഴിവരെയുള്ള ജലപാത നാടിന്റെ വികസനത്തിനും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിനും വഴി തെളിക്കും.

പുത്തൻതോട്ടിലും അന്ധകാരനഴിയിലും സ്റ്റോക്ക്‌ഹോം മോഡൽ ഇരട്ടഓവിട്ട് അഴികൾ സ്ഥാപിക്കണം. മരീന ഉൾപ്പെടെയുള്ള പ്രകൃതിസൗഹൃദ ഗ്രാമീണ ടൂറിസത്തിന്റെ വലിയ ഭാവിയിലേക്കുള്ള പദ്ധതിനിർദ്ദേശം കൂടിയാണിത്.

ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ, പഠനങ്ങൾ, ജനപങ്കാളിത്ത ഇടപെടലുകൾ എന്നിവ ലക്ഷമാക്കി ജൂലായിൽ ചെല്ലാനം ഭൂവിഭവ ചരിത്രസമ്മേളനം, എല്ലാ വർഷവും ഒക്ടോബർ രണ്ടുമുതൽ ഒരാഴ്ച വിജയംകനാൽ വാരാചരണം എന്നിവ സംഘടിപ്പിക്കും.

വിജയം കനാൽ സംരക്ഷണം

1 സൗത്ത്, സെൻട്രൽ, നോർത്ത് വിജയംകനാൽ സംരക്ഷണ ജാഗ്രത സമിതികൾക്ക് രൂപംനൽകി.

2 വിജയംകനാൽ വികസന ജനകീയ മാസ്റ്റർപ്ലാൻ, കല്ലഞ്ചേരി -അന്ധകാരനഴി ജലപാത വികസന ജനകീയ മാസ്റ്റർപ്ലാൻ എന്നിവ തയ്യാറാക്കാൻ സമിതിയായി.

വിജയംകനാൽ ആഴംകൂട്ടുക, ലഭ്യമാക്കുന്ന ചെളി ഉപയോഗപ്പെടുത്തി പാടശേഖര ബണ്ടുകൾ ബലപ്പെടുത്തി പച്ചക്കറി, തെങ്ങുകൃഷി ഊർജിതമാക്കുക എന്നിവയ്ക്കായി അടിയന്തിരമായി ഫണ്ട് അനുവദിക്കുന്നതിന് കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന് ജനകീയ നിവേദനം നൽകും.

അഡ്വ. കെ.എക്‌സ്. ജൂലപ്പൻ

ചെല്ലാനം കാർഷിക ടൂറിസം

വികസന സൊസൈറ്റി പ്രസിഡന്റ്