 
മരട്: ദേശീയപാത കുണ്ടന്നൂർ-തേവര പാലത്തിന്റെ ശോചനീയാവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ആലുവ അസി. എക്സി. എൻജിനിയറുടെ ദേശീയപാത ഉപവിഭാഗം ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
അസി. എൻജിനിയർ പി.ജെ. ഷിബുവിനെ ഉപരോധിച്ചു. വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, ശോഭ ചന്ദ്രൻ, ബേബി പോൾ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, മോളി ഡെന്നി എന്നിവർ പങ്കെടുത്തു.
പാലത്തിലും റോഡിലുമായി രൂപപ്പെട്ടിട്ടുള്ള കുഴികൾ ഇന്നുതന്നെ അടക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് രേഖാമൂലം കത്ത് ലഭിച്ചതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്.