കൊച്ചി: നഗരത്തിലെ കാനകൾ ശുചീകരിക്കണമെന്ന ആവശ്യം പറഞ്ഞുമടുത്തുവെന്നും മഴതുടങ്ങിയശേഷമല്ല കാനകളിലെയടക്കം ചെളിനീക്കം ചെയ്യേണ്ടതെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ മാസ്റ്റർപ്ലാൻ വേണ്ടേയെന്നും കോടതി ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. മഴ ഇനിയും ശക്തമായിട്ടില്ല. ഈ അവസരം കാനകളടക്കം വൃത്തിയാക്കാൻ ഫലപ്രദമായി ഉപയോഗിക്കണം. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം.

മഴയ്ക്ക് മുൻപ് കാനകൾ വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാക്കാത്തത് ദൗർഭാഗ്യകരമാണ്. ഇടപ്പള്ളിതോട് അടക്കം വൃത്തിയാക്കുന്നത് ഇപ്പോഴാണ്. തങ്ങളുടെ പരിധിയിൽവരുന്ന മേഖല വൃത്തിയാക്കുമെന്ന് കോർപ്പറേഷന് പറയുന്നു. ബാക്കിഭാഗം ജലസേചനവകുപ്പ് വൃത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കാനകൾക്ക് ക്ലീനിംഗ് കലണ്ടർ വേണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അങ്ങനെയാണെങ്കിലേ വെള്ളപ്പൊക്കം തടയാനാകൂ.
കൊച്ചിനഗരം മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ഉൾപ്പെട്ടതാണെന്ന് സർക്കാർ വിശദീകരിച്ചു. തൃക്കാക്കാര, കളമശേരി, തൃപ്പൂണിത്തറ, മരട് തുടങ്ങിയ നഗരസഭകളിലേയ്ക്കും വ്യാപിച്ചതാണ് നഗരം. ന്യായീകരണമല്ല വേണ്ടത് നടപടിയാണെന്ന് കോടതി തുടർന്ന് ഓർമ്മിപ്പിച്ചു.

കഴിഞ്ഞവർഷം മികച്ച രീതിയിൽ വൃത്തിയാക്കിയതാണ്. ഹോട്ടലുകാരടക്കം കനാലിൽ ഇപ്പോഴും മാലിന്യമിടുന്നു. ഇത് തടയാൻ മിന്നൽ പരിശോധന നടത്തുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
*കനാലിലെ മാലിന്യനിക്ഷേപം തടയാനായില്ലെങ്കിൽ വൃത്തിയാക്കൽകൊണ്ട് പ്രയോജനമില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സ്വീകരിച്ച റിപ്പോർട്ട് ഉന്നതതാധികാര സമിതിയെ അറിയിക്കണം. പേരണ്ടൂർ കനാൽ നവീകരണം സംബന്ധിച്ച റിപ്പോർട്ടും നൽകണം.
നഗരത്തിലെ കാനകൾ വൃത്തിയാക്കുന്ന കാര്യത്തിൽ കോടതിയുടെ മേൽനോട്ടമുണ്ടാകും. അതിനായി വെളളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ഹൈക്കോടതി​യുടെ വി​മർശനം

* പൊതുസ്ഥലത്ത് മാലിന്യമിടുന്ന ശീലം ജനങ്ങൾ മാറ്റുന്നില്ല. അവർ പരാതി ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. മഴകഴിഞ്ഞാൽ എല്ലാംമറക്കും. സ്വന്തം വീട്ടിൽ വെള്ളം കയറുമ്പോൾ മാത്രമാണ് പ്രതികരണമുണ്ടാകുന്നത്.

* പിആൻഡ്ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ദുരവസ്ഥയും ചൂണ്ടിക്കാട്ടി. സെപ്ടി​ക് ടാങ്കടക്കം ചോരുന്നു.
* ജനങ്ങൾ എല്ലാ സഹിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ പറയുന്ന ന്യായീകരണമെല്ലാം അവർ വിശ്വസിക്കും. പക്ഷെ ജനങ്ങൾ എല്ലാം ക്ഷമിക്കുമെന്ന് കരുതരുത്. വി.ഐ.പി.കളോട് ഇങ്ങനെ ചെയ്യാനാകുമോ? രണ്ട് തട്ടിലുള്ള പൗരന്മാർ ഇല്ലെന്ന് പറയരുത്. കെട്ടിടത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് ജി.സി.ഡി.എയുടെ റിപ്പോർട്ടും തേടി.