#ആര് കനിയും- ഹൈക്കോടതിയോ സർക്കാരോ?
ആലുവ: നാല് ലക്ഷത്തോളം രൂപയ്ക്ക് പ്രതിമാസ വാടകക്കെടുത്ത ആലുവ ടെലിഫോൺ എക്‌ചേഞ്ച് കെട്ടിടത്തിൽ താത്കാലിക കോടതികൾക്ക് സൗകര്യമൊരുക്കാൻ 38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി ഹൈക്കോടതിയിൽ. വൈദ്യുതീകരണത്തിനും മൂന്ന് കോടതികൾക്ക് സൗകര്യമൊരുക്കാനുമാണ് പണം വേണ്ടത്.
ഇത്രവലിയ തുകയായതിനാൽ ഹൈക്കോടതി സ്വന്തം ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് ഉറപ്പില്ല. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാർ കനിയേണ്ടിവരും. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് ജില്ലാ കോടതി മുഖേന കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ എത്തിയത്. ചെറിയ തുകയായിരുന്നെങ്കിൽ സ്വന്തം ഫണ്ടിൽ നിന്നും ഹൈക്കോടതിക്ക് അനുവദിക്കാമായിരുന്നു. ബി.എസ്.എൻ.എല്ലിന്റെ പ്രധാന കെട്ടിടമാണ് കോടതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതേതുടർന്ന് ബി.എസ്.എൻ.എല്ലിന്റെ ഓഫീസ് പ്രധാന കെട്ടിടത്തിന്റെ സമീപത്തെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റി.
നിലവിൽ പ്രവർത്തിക്കുന്ന ആലുവ മുൻസിഫ് കോടതിയും രണ്ട് മജിസ്‌ട്രേറ്റ് കോടതികളുമാണ് ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ജൂലായ് ഒന്നുമുതൽ കോടതികൾ മാറ്റാനായിരുന്നു ശ്രമമെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിന്നതിനാൽ ചില നടപടിക്രമങ്ങൾക്ക് തടസം നേരിട്ടു. പോക്സോ കോടതിയും കുടുംബ കോടതിയും നിലവിൽ രണ്ടിടത്തായി വാടക കെട്ടിടത്തിലാണ്.
നിർദ്ദിഷ്ട നാല് നില കെട്ടിടത്തിന് സർക്കാർ രണ്ട് വർഷം മുമ്പ് അനുവദിച്ചത് 37.2542 കോടി രൂപ നിലവിലെ കെട്ടിടം പൊളിച്ച ശേഷമാണ് പുതിയത് നിർമ്മിക്കുക പുതിയ കെട്ടിടം വരുന്നതോടെ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികൾക്ക് പുറമെ നിലവിൽ വാടക കെട്ടിടങ്ങളിലുള്ള കുടുംബ കോടതി, പോക്‌സോ കോടതി എന്നിവയും മാറ്റി സ്ഥാപിക്കും ഇതിന് പുറമെ എം.എ.സി.ടി കോടതിയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും
പുതിയ കെട്ടിട നിർമ്മാണം അനിശ്ചിതമായി നീണ്ടാൽ പ്രതിമാസം സർക്കാരിന് നഷ്ടം 6 ലക്ഷത്തോളം രൂപ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോക്സോ, കുടുംബ കോടതികൾക്കായി പ്രതിമാസ വാടക രണ്ട് ലക്ഷം രൂപ ബി.എസ്.എൻ.എൽ കെട്ടിടത്തിന് വേണ്ട വാടക നാല് ലക്ഷത്തോളം രൂപ