
പറവൂർ: പെരിയാറിന്റെ കൈവഴിയായ തട്ടുകടവ് പുഴയുടെ അടിത്തട്ടിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ മുകളിലേക്ക് ഉയർന്ന് പൊങ്ങി. ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുഴയുടെ പലഭാഗങ്ങളിലും ഇത് കാണാനായി. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് പൊങ്ങുന്ന മീനുകൾ പിടക്കുന്നുണ്ട്. ചിലയിടത്ത് മീനുകൾ ചത്തിട്ടുമുണ്ട്. കറുപ്പ് നിറം കലർന്ന വെള്ളത്തിന് ചെറിയ ഗന്ധവുമുണ്ട്. സംഭവം അറിഞ്ഞ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. കൂടുതൽ പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.