ഇറിഗേഷൻ വകുപ്പിനെ പഴിചാരി പി.സി.ബി
കൊച്ചി: പെരിയാറിൽ മേയ് 20നുണ്ടായ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യങ്ങളും മാർക്കറ്റ് മാലിന്യവുമാണെന്ന് ആരോപിക്കുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം 10ന് വീണ്ടും പരിഗണിക്കും.
അതേസമയം, സംഭവത്തിൽ ഇറിഗേഷൻ വകുപ്പിനെ പഴിചാരി മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയിൽ എതിർസത്യവാങ്‌മൂലം സമർപ്പിച്ചു. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നത് ഇടയാക്കുമെന്നും ഇത് വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദീർഘകാലം ബണ്ട് അടച്ചിടുന്നതിനു പകരം പെരിയാറിൽ കുറഞ്ഞ തോതിലെങ്കിലും നീരൊഴുക്ക് നിലനിർത്തണമെന്ന് ജലസേചന വകുപ്പിനു നിർദ്ദേശം നൽകിയെങ്കിലും നടപടിയെടുത്തില്ല. ബണ്ട് തുറക്കുന്നതിനെപ്പറ്റി അറിയിപ്പ് നൽകിയിരുന്നില്ലെന്നും പി.സി.ബി അറിയിച്ചു. പാതാളം ബണ്ട് തുറന്നപ്പോൾ വൻതോതിൽ ജൈവമാലിന്യം ഉൾപ്പെടെ വെള്ളം കുത്തിയൊഴുകിയെത്തി ഓക്‌സിജന്റെ അളവു കുറഞ്ഞതാണു മത്സ്യക്കുരുതിക്കു കാരണമെന്നാണ് വിശദീകരണം.
എടയാർ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം ഒഴുക്കുന്നത് തടയാനും ദിനംപ്രതി ജലത്തിന്റെ ശുദ്ധി പരിശോധിക്കാനും കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കി.
പെരിയാറിലേക്ക് വിഷലിപ്തമായ അവശിഷ്ടങ്ങൾ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ മേനോൻ 2020 ൽ നൽകിയ ഹർജിയിലാണ് പി.സി.ബി ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു.