നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഇതുവരെ 3146 പേർ ഹജ്ജ് കർമ്മത്തിനായി ജിദ്ദയിലേക്ക് പോയി. ഒന്നും നാലും വയസുള്ള കുട്ടികളും കൂട്ടത്തിലുണ്ട്. സ്ത്രീകളാണ് കൂടുതൽ.
സൗദി എയർലൈൻസിന്റെ 11 വിമാനങ്ങളിലായാണ് തീർത്ഥാടകർ പോയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേതായി ഇനി അഞ്ച് സർവീസുകൾ അവശേഷിക്കുന്നുണ്ട്. ഇതിൽ 1127 തീർത്ഥാടകരുണ്ട്. ഹാജിമാരുടെ മടക്കയാത്ര മദീന വഴിയാണ്. ജൂലായ് 10 മുതൽ 21 വരെയുള്ള തീയതികളിൽ മുഴുവൻ ഹാജിമാരും തിരിച്ചെത്തും. ഹജ്ജ് കർമ്മം നിർവഹിച്ചെത്തുന്നവർക്കുള്ള സംസം വെള്ളം ഇതിനകം വിമാനത്താവളത്തിലെത്തി. അഞ്ച് ലിറ്റർ വീതം ക്യാമ്പിൽ നൽകും.
ഇന്നലെ പുറപ്പെട്ട 278 തീർത്ഥാടകർക്ക് രാവിലെ ക്യാമ്പിൽ യാത്രയയപ്പു നൽകി. ജസ്റ്റിസ് കെമാൽ പാഷ ക്യാമ്പ് സന്ദർശിച്ചു.