car

കൊച്ചി: അങ്കമാലിയിൽ കാറിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവുമായി യുവാക്കൾ യാത്രചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി)​ അന്വേഷണം തുടങ്ങി. അങ്കമാലി അകപറമ്പ് റെയിൽവേ ഗേറ്റ് ഭാഗത്താണ് യുവാക്കൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. കാറിന്റെ ഡോറിൽ തൂങ്ങി നിന്നായിരുന്നു അഭ്യാസപ്രകടനം. പിറകിലെ വാഹനത്തിലുള്ളവർ അപകടകരമായ അഭ്യാസരംഗം ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ എം.വി.ഡിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മലപ്പുറം സ്വദേശികളുടെ കാറാണെന്നാണ് ലഭിച്ചിട്ടുള്ള വിവരം. വരുദിവസങ്ങളിൽ കാർ കസ്റ്റഡിയിലെടുക്കുകയും ഉടമയെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്യും. ഏത് ദിവസമാണ് യുവാക്കൾ യാത്ര ചെയ്തത്, ആരെല്ലാമാണ് കാറിൽ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇതിലൂടെ വ്യക്തത വരുമെന്ന് എം.വി.ഡി വൃത്തങ്ങൾ അറിയിച്ചു.