നെടുമ്പാശേരി: ജലജീവൻ മിഷന് പൈപ്പിട്ട പഞ്ചായത്ത് റോഡുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കുന്നുകര പഞ്ചായത്തിൽ തുടങ്ങി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നേരിൽ കാണുന്നതിനുമായി മന്ത്രി പി രാജീവ് നിർമ്മാണം ആരംഭിച്ച മൂഴിക്കുളം പുളിഞ്ചോട് റോഡ് സന്ദർശിച്ചു.
കേന്ദ്ര - സംസ്ഥാന, തദ്ധേശസ്ഥാപനങ്ങളുടെ സാമ്പത്തിക വിഹിതം ഉപയോഗപ്പെടുത്തിയും ഗുണഭോക്തൃ വിഹിതം വാങ്ങിയുമാണ് ജലജീവൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് പഞ്ചായത്ത് വിഹിതം ചെലവഴിക്കണമെന്നത് കളമശേരിയിലെ മുൻ എം.എൽ.എയുടെ കാലത്ത് അംഗീകരിച്ചിരുന്നു. എന്നാൽ പഞ്ചായത്തുകളുടെ അപേക്ഷ പരിഗണിച്ച് കളമശേരി മണ്ഡലത്തിൽ മാത്രം 18.27 കോടി രൂപ സംസ്ഥാന സർക്കാർ റോഡ് നിർമ്മാണത്തിനായി അനുവദിക്കുകയായിരുന്നു.
സംസ്ഥാനത്താകെ 1250 കോടി രൂപയാണ് സർക്കാർ റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്.
നിർമ്മാണവുമായി ബന്ധപ്പെട്ട് മേയ് 20ന് ജല അതോറിട്ടി ഉദ്യോഗസ്ഥരും കരാറുകാരും ജനപ്രതിനിധികളും പങ്കെടുത്ത് ചേർന്ന യോഗത്തിൽ ജൂൺ ആദ്യം നിർമ്മാണം ആരംഭിക്കണമെന്ന് തീരുമാനിച്ചതാണെങ്കിലും രാഷ്ട്രീയപ്രേരിതമായി ചിലർ സമരം നടത്തുകയായിരുന്നുവെന്നാണ് എൽ.ഡി.എഫ് ആക്ഷേപം.
..................................
നാടിന്റെ വികസന കാര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.
മന്ത്രി പി. രാജീവ്