 
തൃപ്പൂണിത്തുറ: ഒറ്റമഴയ്ക്ക് അരയ്ക്കൊപ്പം വെള്ളം എന്ന തരത്തിൽ ഡ്രൈനേജ് സംവിധാനങ്ങളെ താറുമാറാക്കിയ ഇടതുപക്ഷഭരണം തൃപ്പൂണിത്തുറ നഗരത്തെ നരകമാക്കി മാറ്റിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു പറഞ്ഞു. ബി.ജെ.പി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണോത്ത് പുഴയും അതിന്റെ തോടുകളും മണ്ണിട്ട് നികത്തി ഫ്ലാറ്റുകൾക്കും മാളുകൾക്കും അനധികൃതമായ നിർമ്മാണാനുമതി നൽകിയതിന്റെ ഫലമാണ് മഴക്കാലത്ത് നാട്ടുകാർ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ അദ്ധ്യക്ഷനായി.
പ്രതിപക്ഷനേതാവ് പി.കെ. പീതംബരൻ ആമുഖപ്രസംഗം നടത്തി. കൗൺസിലർ പി.എൽ. ബാബു, യു. മധുസൂദനൻ, രാധികാവർമ്മ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, മണ്ഡലം സെൽ കോ ഓർഡിനേറ്റർ എം.എസ്. വിനോദ്കുമാർ, ജില്ലാ ഉപാധ്യക്ഷാ രമാദേവി തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.