malinyam
മഹിളാലയം പാലത്തിന് സമീപം കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മാലിന്യം വാഹനത്തിൽ നീക്കം ചെയ്യുന്നു

ആലുവ: സീപോർട്ട് - എയർപോർട്ട് റോഡി​ന്റെ ഭാഗമായ തോട്ടുമുഖം മഹിളാലയം - തുരുത്ത് പാലത്തിന് സമീപം കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ വഴിയോര കച്ചവടക്കാരെ കൊണ്ട് നീക്കം ചെയ്യിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി​രുന്നു നടപടി.

പഞ്ചായത്തംഗം പി.എ. അബ്ദുൾ മജീദ് നൽകിയ പരാതിയെ തുടർന്ന് കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് വഴിയോര കച്ചവടക്കാരോട് മാലിന്യം നീക്കാൻ നിർദ്ദേശം നൽകിയത്. പാലത്തിന് സമീപം കച്ചവടം നടത്തുന്നവരാണ് മാലിന്യ നിക്ഷേപത്തിന് പിന്നിലെന്നായിരുന്നു പരാതി. വൈകുന്നേരങ്ങളിൽ മീൻ, പച്ചക്കറി, കപ്പ, മാമ്പഴം, ഐസ്ക്രീം, പായസം തുടങ്ങിയവയുടെ കച്ചവടവുമായി വാഹനങ്ങളെത്തും. ഇവരിൽ നിന്നുള്ള മാലിന്യങ്ങളാണ് രാത്രി പെരിയാറിന്റെ തീരങ്ങളിലും പാലത്തിന് സമീപവുമായി തള്ളുന്നതത്രെ. ഇത് മഴയിൽ ഒലിച്ചിറങ്ങുന്നത് പെരിയാറിനെയും മലിനപ്പെടുത്തുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. രേഖ, കെ.ബി. സബ്‌ന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മഹിളാലയം കവലയിൽ ഗതാഗതക്കുരുക്കും
മഹിളാലയം കവലയിലെ അനധികൃത കച്ചവടത്തിനെതിരെ നേരത്തെ പഞ്ചായത്ത് നടപടിയെടുത്തിരുന്നു. മുഴുവൻ പേരെയും ഒഴിപ്പിച്ചതാണ്. എന്നാൽ ചില രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ അനധികൃത കച്ചവടം വീണ്ടും നടത്തുകയാണ്. ഇതുമൂലം മഹിളാലയം കവലയിൽ പലപ്പോഴും ഗതാഗതക്കുരുക്കാണെന്ന് ആക്ഷേപമുണ്ട്.. ചെങ്ങമനാട് പഞ്ചായത്തിന്റെ ഭാഗമായ തുരുത്തിലും ശ്രീമൂലനഗരം പഞ്ചായത്തിന്റെ ഭാഗമായ തൂമ്പാത്തോട് പാലത്തിന് സമീപവും അനധികൃത കച്ചവടക്കാർ തിരിച്ചെത്തിയിട്ടുണ്ട്. സീപോർട്ട് എയർപോർട്ട് റോഡിന്റെ ഭാഗമായ ഒരു കിലോമീറ്റർ ദൂരത്തിലാണ് കയ്യേറ്റം വ്യാപകമായിട്ടുള്ളത്.

....................................................

ഇനിയും മാലിന്യ നിക്ഷേപം തുടർന്നാൽ സംസ്ഥാന പബ്ലിക് ഹെൽത്ത് ആക്ട് 2023 പ്രകാരം നിയമനടപടി സ്വീകരിക്കും.
പിഴയും ഈടാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കും.

സതി ലാലു,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.