മൂവാറ്റുപുഴ: ഇടുക്കി ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിൽ പ്രവചനം തകർത്ത് വൻ ലീഡുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തേരോട്ടം. സിറ്റിംഗ് എം.പിയായ ഡീനിന് കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം അതേപടി നിലനിർത്താനായില്ല. 2019ലെ തിരഞ്ഞെടുപ്പിൽ 32539 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഡീൻകുര്യാക്കോസിന്. എന്നാൽ ഇക്കുറി 27620 വോട്ടിന്റെ ലീഡ് നേടാനേ ആയിട്ടുള്ളു. മണ്ഡലത്തിൽ ആകെ പോൾചെയ്തവോട്ട് 1,29,189 ആണ്. ഇതിൽ ഡീൻകുര്യാക്കോസിന് 69981വോട്ടും എൽ.ഡി.എഫിലെ ജോയ്സ് ജോർജിന് 42361 വോട്ടും എൻ.ഡി.എയിലെ സംഗീത വിശ്വനാഥിന് 13248 വോട്ടും ലഭിച്ചു. നോട്ടയുൾപ്പടെ അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ടായിരുന്നു. 11റൗണ്ട് വോട്ട് എണ്ണിയപ്പോൾ 11റൗണ്ടിലും ഡീൻ കുര്യാക്കോസിന് വ്യക്തമായ ലീഡ് നിലനിർത്താനായി. ഡീനിന് കൂടുതൽ വോട്ടു നൽകിയതിൽ രണ്ടാം സ്ഥാനം മൂവാറ്റുപുഴയ്ക്കാണ്. നിയമസഭാ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും ഡീൻ കുര്യാക്കോസിന് വ്യക്തമായ ലീഡുണ്ട്.