
കൊച്ചി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ യുട്യൂബ് അഭിമുഖത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. സത്യഭാമയുടെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് ജസ്റ്റിസ് കെ.ബാബു അന്നുവരെ നീട്ടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സത്യാഭാമയുടെ മുൻകൂർ ജാമ്യഹർജി നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തളളിയിരുന്നു.
നബാർഡ് 4 പുതിയ ജില്ലാ ഓഫീസുകൾ തുറന്നു
തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നബാർഡിന്റെ നാല് പുതിയ ജില്ലാ ഓഫീസുകൾ തുറന്നു. നബാർഡിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങ് ചെയർമാൻ ഡോ. കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. ഇതുവരെ ഈ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം അടുത്ത ജില്ലയിലുള്ള ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്.
മൂന്നാർ: സി.ബി.ഐയെ
കക്ഷിചേർത്ത് ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരായ ഹർജിയിൽ ഹൈക്കോടതി സി.ബി.ഐയെ കക്ഷി ചേർത്തു. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ നടപടി. അന്വേഷണം സി.ബി.ഐക്ക് ഇപ്പോൾ കൈമാറില്ലെന്നും കോടതി വ്യക്തമാക്കി.
കേസുകളുടെ നിലവിലെ സ്ഥിതി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. വ്യാജപട്ടയങ്ങൾ വിതരണം ചെയ്ത മുൻ അഡിഷണൽ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചെന്ന് ഡി.ജി.പി അറിയിച്ചു.
കൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രമാണ് ചുമത്തിയതെന്ന് കോടതി ഓർമ്മിപ്പിച്ചു. അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടില്ല. ഒട്ടേറെ കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കി. ഇവയിൽ തുടരന്വേഷണം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.