h
ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ പിറവത്ത് പോത്തിറച്ചി കറിയും പിടിയും വിതരണം ചെയ്തപ്പോൾ

പിറവം: കോട്ടയത്തെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി കേരള കോൺ​ഗ്രസ് എമ്മി​ലെ തോമസ് ചാഴികാടന്റെ തോൽവി ആഘോഷമാക്കി സ്വന്തം പാർട്ടി നേതാവി​ന്റെ നേതൃത്വത്തി​ലുള്ള ജനകീയ സമി​തി. അവർ ​പിറവത്ത് 2000 പേർക്ക് പോത്തിറച്ചിക്കറിയും പിടിയും വിതരണം ചെയ്തു. ചാഴികാടൻ നാടിനും നാട്ടുകാർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നാരോപിച്ച് മുൻകൂട്ടി പ്രഖ്യാപിച്ച വിരുന്ന് സമൂഹമാദ്ധ്യമങ്ങളി​ൽ വലി​യ ശ്രദ്ധനേടി​യി​രുന്നു.

കേരള കോൺഗ്രസ് (എം) നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യുവനേതാവ് ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ചാഴികാടന്റെ തോൽവിയാഘോഷം.

യു.ഡി​.എഫ് സ്ഥാനാർത്ഥി​ കേരള കോൺ​ഗ്രസ് ജോസഫ് വി​ഭാഗത്തി​ലെ ഫ്രാൻസി​സ് ജോർജ്ജാണ് കോട്ടയത്തെ വി​ജയി​.

പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് തയ്യാറാക്കിയ പന്തലിൽ ഇന്നലെ രാവിലെ 9 മുതലായി​രുന്നു സദ്യ.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വർഗീസ് തച്ചിലുകണ്ടം, യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണലിക്കാൻ, പൊതു പ്രവർത്തകൻ ബേബിച്ചൻ പിറവം, ശ്രീജിത്ത് പാഴൂർ, സുജാതൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ വി​രുന്നി​നായി മൂന്നു ലക്ഷത്തോളം രൂപ സ്വരൂപി​ച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വി​ഭാഗം നേതാവ് അപ്പു ജോസഫ് വി​രുന്ന് ഉദ്ഘാടനം ചെയ്തു.