
കൊച്ചി: പ്രചാരണത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും തിരക്ക് കഴിഞ്ഞു, വിധിയും വന്നു. എറണാകുളം മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ ഇനി തങ്ങളുടെ ഇഷ്ടങ്ങളിലേക്ക് മടങ്ങുകയാണ്.
യാത്രയാണ് എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച ഹൈബി ഈഡന്റെ പ്രധാന ഇഷ്ടങ്ങളിലൊന്ന്. എത്രയൊക്കെ തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും വിനോദങ്ങൾക്കും സമയം കണ്ടെത്താറുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന തെലങ്കാനയിലെ ചേവല്ലയിൽനിന്ന് കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. ഇടയ്ക്ക് ഗുരുവായൂരിൽ ഭാര്യവീട്ടിലൊന്നു പോയിവന്നു. കുടുംബത്തോടൊപ്പം ഏതാണ്ടെല്ലാ സിനിമകളും തിയേറ്ററിൽ കാണാറുണ്ട്. വെബ് സീരീസുകൾ കാണുന്നതും ഇഷ്ടമാണ്. വായനയിലും താത്പര്യമുണ്ട്. പാർട്ടി ചുമതലകൾ ഒരുപാടുള്ളതിനാൽ മിക്കവാറും യാത്രകളായിരിക്കും. കഴിയുന്നതും കുടുംബത്തെയും ഒപ്പം കൂട്ടാറുണ്ട്. പ്രത്യേകിച്ചൊരു ഉല്ലാസയാത്ര നടത്താറില്ലെന്നും എല്ലാ യാത്രകളും ആസ്വദിക്കാറുണ്ടെന്നും ഭാര്യ അന്ന ലിൻഡ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്കു മുമ്പ് ഡൽഹിയാത്രയുണ്ടാവും. തിരക്കായതിനാൽ മറ്റു യാത്രകളുണ്ടാവില്ല.
ഹൈബി ഈഡൻ
സിനിമയുടെ ലോകത്ത്
ഷൈൻ ടീച്ചർ 
എത്ര തിരക്കുണ്ടെങ്കിലും എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പള്ളിപ്പുറം സെന്റ് മേരീസ് എച്ച്.എസ്.എസ് അദ്ധ്യാപികയുമായ കെ.ജെ. ഷൈൻ സിനിമ ഒഴിവാക്കാറില്ല. ഇലക്‌ഷനും റിസൾട്ടുമൊക്കെ എങ്ങനെയായാലും അതിനു മാറ്റമിമല്ല. ഇന്നലെ ഒരു സിനിമ കാണണമെന്നുണ്ടായിരുന്നെങ്കിലും പറ്റിയില്ല. യാത്രകൾ ഇഷ്ടമാണെങ്കിലും ഇലക്ഷൻ പ്രമാണിച്ച് മാസങ്ങളായി എങ്ങും പോകാൻ കഴിഞ്ഞിരുന്നില്ല. സ്കൂൾ തുറന്നതിനാൽ ഉടനെയെങ്ങും പറ്റില്ല. പകരം കൂടുതൽ സിനിമകൾ കാണും. ഭർത്താവ് ഡൈന്യൂസ് തോമസിനൊപ്പം യു.എ.ഇ യാത്ര കഴിഞ്ഞ് കഴിഞ്ഞദിവസമാണ് എത്തിയത്. ആറ് എമിറേറ്റുകളിലെ എട്ടുയോഗങ്ങളിൽ പ്രസംഗിച്ചു. യാത്ര, വായന, പ്രസംഗം, സിനിമകാണൽ എന്നിവയാണ് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ. ഹാസ്യചിത്രമായ മന്ദാകിനിയാണ് ഒടുവിൽ കണ്ടത്. മമ്മൂട്ടിചിത്രമായ ടർബോയും ഫഹദ് ചിത്രമായ ആവേശവും കണ്ടു.
തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ കനത്ത തിരിച്ചടിയുണ്ടായപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ സ്വീകാര്യത ലഭിച്ചത് അപകടകരമായ സൂചനയാണ്. ഭരണഘടന അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി നടപ്പില്ല.
കെ.ജെ. ഷൈൻ
പുനെ യാത്രയ്‌ക്കൊരുങ്ങി
കെ.എസ്. രാധാകൃഷ്ണൻ
രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് വായനയോടും എഴുത്തിനോടുമാണ് ഏറ്റവും ഇഷ്ടം. യാത്രകളോട് പൊതുവേ താത്പര്യമില്ലെങ്കിലും ഭാര്യയോടൊപ്പം പുനെയിലുള്ള ഇളയമകൾ രേവതിയുടെയും ഭർത്താവ് ശക്തിപ്രസാദിന്റെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ചുദിവസം അവിടെയുണ്ടാവും. മൂത്തമകൾ അശ്വതിയും ഭർത്താവ് വരുൺവാസുദേവും അമേരിക്കയിലാണ്. പ്രചാരണവേളയിൽ ധാരാളം യാത്രകൾ വേണ്ടിവന്നെങ്കിലും മടുപ്പ് തോന്നിയില്ല.
രാഷ്ട്രീയത്തിൽ കേരളമടക്കം മാറി ചിന്തിക്കുന്നത് ശുഭസൂചനയാണ്. ഇതൊരു വലിയ തുടക്കമാണ്.
കെ.എസ്.രാധാകൃഷ്ണൻ