
കൊച്ചി: രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ പകിട്ടോടെ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ വീണ്ടും വിജയിച്ച് കയറിയപ്പോൾ ഇടതു സ്ഥാനാർത്ഥി കെ.ജെ. ഷൈന്‍ ആകെ ലഭിച്ചത് ഹൈബിയുടെ ഭൂരിപക്ഷത്തേക്കാൾ 18,453 വോട്ട് കുറവുമാത്രം. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ഹൈബിക്ക് നേരിയ വെല്ലുവിളി പോലും ഉയർത്താൻ ഷൈന്‍ സാധിച്ചില്ല. പോസ്റ്റൽ വോട്ട് എണ്ണിയതു മുതൽ ഹൈബി മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
2019ൽ 50.78 ശതമാനം വോട്ടുനേടിയ ഹൈബി ഇത്തവണ വോട്ട് ശതമാനം 52.97 ആയി ഉയർത്തി.
ഇടതിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിെല 33.03 ശതമാനം ഇത്തവണ 25.47 ശതമാനത്തിലേക്ക് കൂപ്പുകുത്തിഉൾപ്പാർട്ടി- മുന്നണി ചർച്ചകളിൽ വിജയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും ഹൈബി ഇത്തവണ വിയർക്കുമെന്നും വോട്ട് കുറയുമെന്നും മുന്നണി നേതാക്കൾ ഉറച്ച് വിശ്വസിച്ചിരുന്നു. ക്രിസ്ത്യൻ വോട്ടുകൾ കാര്യമായി സമാഹരിക്കാൻ കഴിയുമെന്നും സി.പി.എം കേന്ദ്രങ്ങൾ ധരിച്ചു. ഈ കണക്കൂട്ടലുകളെല്ലാം പാടെ പൊളിച്ചാണ് ഹൈബിയുടെ തേരോട്ടം.
ബി.ജെ.പിയാകട്ടെ എറണാകുളത്ത് ഇത്തവണ വോട്ട് ശതമാനവും വോട്ടെണ്ണവും വർദ്ധിപ്പിച്ചു. ശതമാനം 14.24ൽ നിന്ന് 15.87 ആയി ഉയർത്തി.