udf
ആലുവയിൽ ബെന്നി ബെഹനാനുമായി നടന്ന യു.ഡി.എഫിന്റെ ആഹ്ളാദം

ആലുവ: എക്കാലവും യു.ഡി.എഫിനൊപ്പം ഉരുക്കുകോട്ടയായി​ നി​ന്നി​ട്ടുള്ള ആലുവ മണ്ഡലം ഇക്കുറിയും തുണച്ചു. ചാലക്കുടി ലോകസഭ മണ്ഡലത്തിൽ ബെന്നി ബഹനാനെ തുണച്ച അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ആലുവയാണ് കൂടുതൽ വോട്ടുകൾ നൽകിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനേക്കാൾ 23,921 വോട്ടാണ് ബെന്നി ബെഹനാൻ കൂടുതൽ നേടിയത്.

2019ൽ യു.ഡി.എഫ് തരംഗത്തിൽ ബെന്നി ബെഹനാൻ ലോകസഭ മണ്ഡലത്തിൽ 1,32,274 വോട്ട് ഭൂരിപക്ഷം നേടിയപ്പോൾ 32,103 വോട്ടിന്റെ ഭൂരിപക്ഷം ആലുവ മാത്രം നൽകിയിരുന്നു. ഇക്കുറി ചാലക്കുടി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം യു.ഡി.എഫിനും പ്രത്യേകിച്ച് ബെന്നി ബെഹനാനും ഏറെ പ്രതിസന്ധികളുണ്ടായിരുന്നു. ട്വന്റി ട്വന്റിയുടെ സാന്നിദ്ധ്യമായിരുന്നു ബെന്നി ബെഹനാൻ നേരിട്ട കടുത്ത വെല്ലുവിളി. ഇതുമറികടന്ന് കുന്നത്തുനാട്ടിലും ബെന്നി ബഹനാൻ ഭൂരിപക്ഷം നേടിയെങ്കിലും വോട്ടുനിലയിൽ ചോർച്ചയുണ്ടായി.

അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ചാലക്കുടി മണ്ഡലങ്ങളിലും ബെന്നി ബഹനാന് ഭൂരിപക്ഷം നേടാനായി. ചാലക്കുടിയിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത്. 5716 വോട്ട്. കൊടുങ്ങല്ലൂരിൽ 366 വോട്ടിനും കൈപ്പമംഗലത്ത് 10688 വോട്ടിനുമാണ് ബെന്നി ബഹനാൻ പിന്നിലായത്.