neet

ഡോ.ടി.പി. സേതുമാധവൻ

നീറ്റ് യു.ജി 2024 പരീക്ഷാഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാർത്ഥികളും മുൻവർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഏത് കോഴ്‌സിന് അഡ്മിഷൻ ലഭിക്കുമെന്ന ആകാംക്ഷയിലാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന മാർക്ക് 720ഉം (67 പേർക്ക്) കുറഞ്ഞ കട്ട്ഓഫ് മാർക്ക് 164ഉം ആണ്. ഒ.ബി.സി /എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 129ഉം ഇ.ഡബ്ല്യു.എസ്/പി.എച്ച്

വിഭാഗത്തിൽപ്പെട്ടവർക്ക് 146/129ഉം ആണ് കട്ട്ഓഫ് മാർക്ക്. കൗൺസലിംഗ് നടപടികൾ ജൂൺ മൂന്നാംവാരം ആരംഭിക്കും. സർക്കാർ, ഡീംഡ് യൂണിവേഴ്‌സിറ്റികൾ, ഇ.എസ്.ഐ അടക്കമുള്ള അഖിലേന്ത്യാ ക്വാട്ട, സംസ്ഥാന ക്വാട്ട, മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനം മുതലായവയ്ക്ക് പ്രത്യേക ഓൺലൈൻ കൗൺസലിംഗുണ്ട്.

നീറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ കേരളത്തിൽ അഡ്മിഷന് ശ്രമിക്കുന്നവർ കീം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. നീറ്റ് റിസൾട്ട് വന്നതിനാൽ കേരളത്തിൽ പ്രവേശനപരീക്ഷ കമ്മിഷണറുടെ വിജ്ഞാപനത്തിനനുസരിച്ച് വിദ്യാർത്ഥികൾ അവരുടെ നീറ്റ് മാർക്കും റാങ്കും www.cee .kerala .gov.in സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കാൻഡിഡേറ്റ് പോർട്ടലിൽ യൂസർ നെയിം, പാസ്‌വേർഡ്, റോൾ നമ്പർ, അപേക്ഷ നമ്പർ എന്നിവ ഉപയോഗിച്ചു മാർക്ക് എന്റർ ചെയ്യാം. കർണാടകയിൽ കർണാടക എക്സാമിനേഷൻസ് അതോറിറ്റി, പുതുച്ചേരിയിൽ CENTAC, തമിഴ്‌നാട്ടിൽ Tancet (TN HEALTH) എന്നിവയാണ് അലോട്ട്‌മെന്റ് നടത്തുന്നത്. അവിടങ്ങളിൽ അഡ്മിഷന് ശ്രമിക്കുന്നവർ അതത് വെബ്സൈറ്റുകൾ പരിശോധിക്കുക.

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് (എം.സി.സി) ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിംഗ് നടത്തുന്നത്. ഡീംഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ സീറ്റെടുത്താൽ രണ്ടാം കൗൺസലിംഗിനുശേഷം കോളേജുകൾ മാറുന്നതിന് തടസങ്ങളുണ്ട്. സർക്കാർ കോളേജുകളിൽ സീറ്റ് ലഭിക്കാൻ ആദ്യം മുൻഗണനാക്രമത്തിൽ ഓപ്ഷൻ നൽകണം. ശരിയായ രീതിയിൽ ഓപ്ഷൻ നൽകിയില്ലെങ്കിൽ അവസരം നഷ്ടപ്പെടാം.

അഖിലേന്ത്യാ കൗൺസലിംഗ് www.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ്. UG admission click ചെയ്ത് രജിസ്റ്റർ ചെയ്ത് ഫീസ് അടയ്ക്കണം. നീറ്റ് റാങ്ക്/മാർക്ക്, മുൻവർഷങ്ങളിലെ റാങ്ക് നിലവാരം, അഡ്മിഷൻ എന്നിവ വിലയിരുത്തി മാത്രമേ ഓപ്ഷൻ നൽകാവൂ.

എൻ.ആർ.ഐ ക്വാട്ടയിൽ അഡ്മിഷന് ശ്രമിക്കുന്നവർ നിശ്ചിത രേഖകൾ ഹാജരാക്കണം. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജുകളിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പ്രത്യേകം ലോജിക്കൽ ആൻഡ് അനലറ്റിക്കൽ ടെസ്റ്റ് ഉണ്ടാകും. ശാരീരിക- മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് അഡ്മിഷൻ ലിസ്റ്റ് തയ്യാറാക്കുന്നത്.

ഡീംഡ്/സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അപേക്ഷിക്കുമ്പോൾ കൂടുതൽ മാർക്കുള്ളവർ കുറഞ്ഞ ഫീസുള്ള കോളേജുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാർക്ക് കുറഞ്ഞവർ കൂടുതൽ ഫീസുള്ള കോളേജുകളിൽ അപേക്ഷിക്കുന്നത് അഡ്മിഷൻ സാദ്ധ്യത വർദ്ധിപ്പിക്കും. എൻ.ആർ.ഐ ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കാൻ മതിയായ രേഖകളടക്കം സംസ്ഥാന- സ്വാശ്രയ- ഡീംഡ്- സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നത് ഏറെ ശ്രദ്ധയോടെ വേണം. അക്ഷയകേന്ദ്രങ്ങളിലൂടെ ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ രക്ഷിതാവും വിദ്യാർത്ഥിയുമുണ്ടായിരിക്കണം. മാർഗനിർദ്ദേശങ്ങൾ നന്നായി വായിച്ചു മാത്രമേ ഓപ്ഷൻ നൽകാവൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് താത്പര്യമുള്ള സംസ്ഥാനം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ പട്ടികയും കോഡും തയ്യാറാക്കുന്നത് നല്ലതാണ്.

സെൻട്രൽ കൗൺസലിംഗ് കമ്മിറ്റിയാണ് (എ.എ.സി.സി.സി) ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി കോഴ്‌സുകളിലേക്ക് കൗൺസലിംഗ് നടത്തുന്നത്. www.aaccc.gov.in.