r

മരട്: നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കൊടുവിൽ കുണ്ടന്നൂർ തേവര പാലത്തിലെ യാത്രാക്ളേശത്തിന് പരിഹാരമായി ദേശീയപാത അധികൃതർ ചൊവ്വാഴ്ച രാത്രിമുതൽ റോഡ് ടാറിംഗ് ആരംഭിച്ചു. കുണ്ടന്നൂർ മുതൽ തേവരവരെ നൂറ്റമ്പതിലേറെ കുഴികളാണ് റോഡിലുള്ളത്. ജീവൻ പണയംവച്ചാണ് ഇരുചക്രവാഹന യാത്രക്കാർ സഞ്ചരിക്കുന്നത്.

കഴിഞ്ഞദിവസം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ജനപ്രതിനിധികൾ ദേശീയപാത പൊതുമരാമത്ത് ഉപവിഭാഗം എക്സി. എൻജിനിയറുടെ കാര്യാലയത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തെത്തുടർന്നാണ് ടാറിംഗ് ജോലി തുടങ്ങിയത്. മഴ മാറിനിന്നാൽ ഇന്നത്തോടെ പണി പൂർത്തീകരിക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.