co-op

ആലുവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ മേഖലയിൽ നിരവധി കേന്ദ്രങ്ങളിൽ വൃക്ഷത്തൈ വിതരണവും വിവിധ ചടങ്ങുകളും നടന്നു.

'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയനും കുട്ടമശേരി സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച പ്ലാവിൻ തൈകൾ നടീൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള അദ്ധ്യക്ഷനായി. സഹകരണ സംഘം അസി. രജിസ്ട്രാർ മനോജ് കെ. വിജയൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.

കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ അ‌ഡീ.എസ്.പി ജിൽസൺ മാത്യു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ജെ. ഷാജിമോൻ, പി.ആർ. ബിജു, ടി.ടി. ജയകുമാർ, സി.ജെ. സെബി എന്നിവർ സംസാരിച്ചു. താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും പബ്ലിക്ക് ഫ്ലാറ്റ്‌ഫോം ട്രസ്റ്റും സംയുക്തമായി വിവിധ സ്ഥാപനങ്ങളിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. സൂര്യസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്, പ്രസിഡന്റ് എം.എ. ഷെഫീക്ക്, മുഹമ്മദ് ഹിജാസ്, അംജദ് സമാൻ, മൊബിൻ മോഹൻ എന്നിവർ പങ്കെടുത്തു.

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആലുവാ ബാർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആലുവ കോടതി സമുച്ചയത്തിൽ വൃക്ഷത്തൈ വിതരണം ചെയ്തു. കുടുംബ കോടതി ജഡ്ജി വി.ജി. അനുപമ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജഡ്ജി ഷിബു ദാനിയേൽ, മജിസ്‌ട്രേറ്റ് ലതികാ മോഹൻ, മുൻസിഫ് പ്രിയങ്കാ പോൾ എന്നിവർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി എം.എ. വിനോദ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഷഫിർ എന്നിവർ സംസാരിച്ചു.

നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 'ഹരിതം സഹകരണ പദ്ധതി' പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. സരിത, ഡോ. അരുൺ ദാസ് വെളിയത്ത്, കെ.ബി. സജി എന്നിവർ പ്രസംഗിച്ചു.