
പിറവം: നഗരസഭയുടെയും ഔഷധി ഫാർമസ്യൂട്ടിക്കൽസിന്റെയും ആയൂർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുർനഗരം പദ്ധതി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭാ ചെയർപേഴ്സൺ ജൂലി സാബ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഓരോ വാർഡിലും രക്തചന്ദനം, അശോകം, മാതളം തുടങ്ങി ഇരുപത് ഇനത്തിലുള്ള 200 ഔഷധ ചെടികൾ നട്ടു പരിപാലിക്കുന്ന ജനകീയ പദ്ധതിയാണ് ആയുർനഗരം. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് വിദ്യാലയങ്ങളിൽ ഔഷധോദ്യാനം സജ്ജമാക്കുന്നുണ്ട്. ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ്, നഗരസഭാ മുൻ ചെയർപെഴ്സൻ ഏലിയാമ്മ ഫിലിപ്പ്, പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പറം, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, ആയൂർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സലിം, അന്നമ്മ ഡോമി എന്നിവർ സംസാരിച്ചു.