കോലഞ്ചേരി: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നിൽ ഒന്നാമതായി കുമ്മനോട് ഗവ.യു.പി സ്‌കൂൾ. 68 കുട്ടികളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. പ്രീ പ്രൈമറിയിൽ 110 ഉം 2 മുതൽ 7 വരെ ക്ളാസുകളിൽ 29 പേരുമുൾപ്പടെ 207 പേരാണ് ഇതു വരെ സ്കൂളിൽ പ്രവേശനം നേടി.
കഴിഞ്ഞ അദ്ധ്യയന വർഷത്തെ അക്കാഡമിക് പ്രവർത്തനങ്ങളാണ് കുട്ടികളെ സ്‌കൂളിലേക്ക് അടുപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് കെ.എം. മേരി പറഞ്ഞു. പ്രീ പ്രൈമറിക്കായി 'വർണ്ണക്കൂടാരം' ഉൾപ്പെടെയുള്ള നൂതനാശയങ്ങൾ നടപ്പിലാക്കി. അക്കാഡമിക് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന അദ്ധ്യാപകരും പി.ടി.എ, എസ്.എം.സി, സ്‌കൂൾ സപ്പോർട്ടിംഗ് കമ്മിറ്റികളും ജനപ്രതിനിധികളും സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് പിന്നിലുണ്ട്. കലാ, കായിക മേഖലയിൽ അഭിരുചി മനസിലാക്കിയുള്ള പരിശീലനവും കുട്ടികളെ സേവനസന്നദ്ധരാക്കുന്ന സോഷ്യൽ സർവീസ് സ്‌കീമും സ്‌കൂളിന്റെ പ്രത്യേകതയാണ്. ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഇവിടെയാണ്. സ്മാർട്ട് ക്ലാസ് മുറികളും വാഹനസൗകര്യവും മികച്ച കെട്ടിടങ്ങളുമുള്ള സ്‌കൂളിൽ കലാപരിശീലനത്തിനും മുൻഗണന നൽകുന്നു. ഉപജില്ലാ, റവന്യൂ ജില്ലാതലങ്ങളിൽ നിരവധി അംഗീകാരങ്ങളാണ് വിദ്യാലയം നേടിയത്.
പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, മാതൃസംഘം അദ്ധ്യക്ഷ പ്രീത മോഹൻ, സീനിയർ അസിസ്റ്റന്റ് ടി.എം. നജീല, സ്റ്റാഫ് സെക്രട്ടറി ആർ. മഞ്ജു എന്നിവരോടൊപ്പം അദ്ധ്യാപക അനദ്ധ്യാപകരുൾപ്പെട്ട കൂട്ടായ്മയാണ് സ്‌കൂളിനെ മികവിലേക്ക് ഉയർത്താൻ യത്‌നിക്കുന്നത്.