* ഹൗസിംഗ് ബോർഡിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകും

കൊച്ചി: നൂറുകണക്കിനുപേർ ജോലിചെയ്യുന്ന കേരള ഹൗസിംഗ് ബോർഡിന്റെ എറണാകുളം ജെട്ടിയിലെ റവന്യൂടവറിൽ കുടിവെള്ളത്തിൽ മാലിന്യംകലർന്നു. സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് കൂട്ടത്തോടെ അതിസാരവും സന്ധിവേദനയും പിടിപെട്ടതോടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

കഴിഞ്ഞദിവസം ശേഖരിച്ച സാമ്പിൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ലഭിച്ചതോടെ ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ റവന്യൂടവറിലെത്തി. കഴിഞ്ഞമാസം അവസാനം മുതലാണ് ജീവനക്കാരി​ൽ പലർക്കും വയറിളക്കം തുടങ്ങിയത്. ഇത് ഭക്ഷണത്തിൽനിന്നാകാമെന്നാണ് ആദ്യം കരുതിയത്. കുളിക്കാനും മറ്രും വെള്ളം ഉപയോഗിച്ചവർക്ക് സന്ധിവേദനകൂടി വന്നതോടെ രോഗവ്യാപനം ചർച്ചയായി. കുടിവെള്ളത്തിൽ നിന്നായിരിക്കാം രോഗം പിടിപെട്ടതെന്ന സംശയം ഉയർന്നതോടെ ആരോഗ്യവകുപ്പിനെ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് ആസ്ഥാനവും ലോട്ടറി മദ്ധ്യമേഖാ ആസ്ഥാനവുമടക്കം നിരവധി ഓഫീസുകളാണ് റവന്യൂടവറിൽ പ്രവർത്തിക്കുന്നത്.

* ശുദ്ധജല സംഭരണി മാറ്രണം

ശുദ്ധജലസംഭരണിയും സെപ്ടിക് ടാങ്കും അടുത്തടുത്തായിരുന്നുവെന്നും പൊട്ടിയ സെപ്ടിക് ടാങ്കിൽ നിന്നുള്ള മാലിന്യം വെള്ളത്തിൽ കലർന്നെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. അടിയന്തരമായി ശുദ്ധജല സംഭരണി മാറ്റിസ്ഥാപിക്കണമെന്ന് നിർദ്ദേശിച്ച് ഹൗസിംഗ് ബോർഡിന് ആരോഗ്യവകുപ്പ് ഇന്ന് നോട്ടീസ് നൽകും. ശുദ്ധജല സംഭരണി മാറ്റിസ്ഥാപിക്കുംവരെ റവന്യൂടവറിലെ സ്ഥാപനങ്ങൾ കുടിവെള്ളത്തിന് മറ്റ് മാർഗങ്ങൾ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.