1
ഫോർട്ട് കൊച്ചിയിൽ നടന്ന തീര സംരക്ഷണ സദസ്

ഫോർട്ട് കൊച്ചി: കടലെടുത്തു പോകുന്ന ഫോർട്ട്കൊച്ചി ബീച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഫോർട്ടുകൊച്ചി തീര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.

ഫോർട്ടുകൊച്ചിയുടെ കേന്ദ്രബിന്ദുവായ കടപ്പുറം കടലെടുത്തു പോകുന്നത് ഫോർട്ടുകൊച്ചിയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുമെന്നും അടിയന്തിരമായി ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഫോർട്ടുകൊച്ചിയിലെ കടൽകയറ്റ പ്രശ്നത്തിൽ സർക്കാർ സ്വീകരിക്കുന്ന അലംഭാവം നിറഞ്ഞ സമീപനം ഉപേക്ഷിച്ച് ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. കൊച്ചി തീരത്തെ കടൽകയറ്റത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി കൊച്ചിൻ പോർട്ടിന്റെ ഡ്രഡ്ജിംഗ് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിൽ തീര സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തിൽ കൊച്ചിൻ പോർട്ടിനെ ഉൾപ്പെടുത്തണമെന്നും കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമ്മാണം നടത്തണമെന്നും അതോടൊപ്പം പുലിമുട്ടുകൾ നിർമ്മിക്കണം എന്നും സമിതി ആവശ്യപ്പെട്ടു. കെ ജെ ആന്റണി, വി. ടി സെബാസ്റ്റ്യൻ, വിൽഫ്രഡ് സി മാനുവൽ, ഹാരിസ് അബു, അഡ്വ. തുഷാർ നിർമൽ സാരഥി, രമേശ് എസ്, ഉമ്മർ ഫാറൂഖ്, വിനോദ് പീറ്റർ, സാലിമോൻ കുമ്പളങ്ങി, ജോസഫ് സി.എസ്, ഷഹീർ അലി സുലൈമാൻ, സിദ്ദിഖ് മട്ടാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.