മൂവാറ്റുപുഴ: കളിയും ചിരിയുമായി അങ്കണവാടികളിൽ പ്രവേശനോത്സവം. ഈ വർഷത്തെ അങ്കണവാടി പ്രവേശനോത്സവം ചിരി കിലുക്കം എന്ന പേരിലാണ് സംസ്ഥാനമൊട്ടാകെ ആഘോഷിച്ചത്. മെയ് 30ന് നടത്താൻ തീരുമാനിച്ചിരുന്ന അങ്കണവാടി പ്രവേശനോത്സവം അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. മൂവാറ്റുപുഴ ബ്ലോക്കിൽ 176 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു. ജനപ്രതിനിധികൾ, അങ്കണവാടി അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ അങ്കണവാടികൾ വർണ കടലാസ് കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ചു. കുട്ടികളെ പൂക്കളും തൊപ്പിയും മധുരപലഹാരവും നൽകിയാണ് സ്വീകരിച്ചത്. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ മുളവൂർ പി.ഒ ജംഗ്ഷൻ 60-ാമത് നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.എം. ഷാജി അദ്ധ്യക്ഷനായി. അങ്കണവാടി വർക്കർ പി.എം. മിനിമോൾ, ഹെൽപ്പർ സൽമാ ബീവി എന്നിവർ സന്നിഹിതരായി.