കൊച്ചി: വേനൽമഴയി​ൽ കുതി​ർന്ന് കുഴി​കൾ രൂപപ്പെട്ട് യാത്ര ഏറെ ദുഷ്കരമായ എറണാകുളം ചിറ്റൂർ റോഡിന്റെ റീടാറിംഗോ അറ്റകുറ്റപ്പണി​കളോ ഉടൻ ഉണ്ടാകി​ല്ല. റീടാറിംഗി​ന്റെ ചുമതല ഉണ്ടായി​രുന്ന സി​.എസ്.എം.എൽ പദ്ധതിയി​​ൽ നി​ന്ന് പി​ന്മാറി​യതോടെയാണി​ത്.

ടാറിംഗ് തകരാറിലായതി​നെത്തുടർന്ന് ചിറ്റൂർ റോഡ് കച്ചേരിപ്പടി മുതൽ വളഞ്ഞമ്പലം വരെ 2023-24 സാമ്പത്തിക വർഷത്തിൽ റീ ടാറിംഗ് നടത്താനായിരുന്നു പദ്ധതി. സി.എസ്.എം.എൽ ഇതനുസരിച്ച് ടെൻഡർ വിളിക്കുകയും കോഴിക്കോട് സ്വദേശി കരാറെടുക്കുകും ചെയ്തിരുന്നു. എന്നാൽ 2024 മാർച്ചിനു മുന്നേ ജോലികൾ തീർക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽ നിന്ന് പിന്മാറിയതോടെ റീ ടാറിംഗ് പദ്ധതി മുടങ്ങി. ഒരു മാസം മുൻപ് സി.എസ്.എം.എൽ പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറിയെന്ന് അധി​കൃതർ പറഞ്ഞു. മറ്റു ചില റോഡുകൾ ഉൾപ്പെടെ 80 കോടി രൂപയുടേതായിരുന്നു പദ്ധതി. പുതിയ നിർദേശങ്ങളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് സി.എസ്.എം.എൽ നിലപാട്.

ദുർഘട വീഥി​യി​ൽ യാത്രക്കാർ

റീടാറിംഗി​ന്റെ ചുമതല ഉണ്ടായി​രുന്ന സി​.എസ്.എം.എൽ പി​ന്മാറി​യതോടെ

​ചിറ്റൂർ റോഡിന്റെ അവസ്ഥ അനി​ശ്ചി​താവസ്ഥയി​ലാണ്. പുതിയ നിർദേശങ്ങളില്ലാതെ പദ്ധതി ഏറ്റെടുക്കാനാകി​ല്ലെന്ന നി​ലപാടി​ലാണ് സി.എസ്.എം.എൽ. നഗരസഭാ ഫണ്ടിൽപ്പെടുത്തി നി​ർമ്മാണ ജോലി​കൾ ചെയ്യാനാകി​ല്ലെന്നാണ് അധി​കൃതർ പറയുന്നത്. ഇതോടെ ഇനി​യെന്ത് എന്ന ചോദ്യം മുന്നി​ൽ കാണുകയാണ് യാത്രക്കാർ.

സി.എസ്.എം.എല്ലിന്റെ ഉറപ്പ് വിശ്വസിച്ചു: കൗൺസിലർ

സി.എസ്.എം.എല്ലിന്റെ ഉറപ്പ് വിശ്വസിച്ചത് വിനയായെന്ന് കൗൺസിലർ പദ്മജ.എസ്. മേനോൻ പറഞ്ഞു. ചിറ്റൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ നഗരസഭാ ഫണ്ടിൽപ്പെടുത്തി ചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് സി.എസ്.എം.എൽ നിർമ്മാണം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചത്. ഇനി ഈ ജോലികൾ നഗരസഭാ ഫണ്ടിൽപ്പെടുത്തി ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ഇതുൾപ്പെടെ വിവിധ പദ്ധതികൾ ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് നഗരസഭ നിറുത്തി വച്ചിട്ടുണ്ടെന്നും അക്കൂട്ടത്തിൽ ഇതും മുടങ്ങുമെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു.

 കുഴി​കൾ നി​റഞ്ഞ് ചി​റ്റൂർ റോഡ്