1
തകർന്ന് കിടക്കുന്ന കളത്തറ - മുണ്ടം വേലി റോഡ്

പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരിയിൽ നിന്നും മുണ്ടം വേലിയിലേക്ക് പോകുന്ന റോഡ് പത്ത് വർഷമായി തകർന്നുകി​ടന്നി​ട്ടും തി​രി​ഞ്ഞുനോക്കാത്ത അധി​കൃതരുടെ നി​ലപാടി​ൽ പ്രതി​ഷേധം.

കളത്തറ സ്കൂൾ, ചിൻമയ സ്ക്കൂൾ എന്നീ 2 സ്കൂൾ ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികളാണ് കല്ലും കട്ടയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്നത്. എം ഇ . എസ് കോളേജും ഇവി​ടെയാണ് സ്ഥിതി ചെയ്യുന്നത്.

ഇതുവഴി മുണ്ടം വേലി പള്ളിയിലേക്കും ഇവിടെ സ്ഥിതി ചെയ്യുന്ന മത്സ്യ മാർക്കറ്റിലേക്കും നിരവധി പേരാണ് കടന്നുപോകുന്നത്. ഇതു വഴി പാൽ - പത്രവിതരണം ഗ്യാസ് സർവീസ് നടത്തുന്നവരും ദുരിതത്തിലാണ്. ഈ വഴിയിൽ തന്നെ ഹോം സ്റ്റേകളും സ്ഥിതി ചെയ്യുന്നുണ്ട്.

വാർഡ് മെമ്പർ ഇടപെട്ട് എം.എൽ.എ ഫണ്ട് വഴി ഫണ്ട് സ്വരൂപിച്ച് റോഡ് പണി ഉടൻ തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലർച്ചെ പ്രഭാത സവാരിക്കായി നിരവധി പേരും ഇതുവഴി കടന്നുപോകാറുണ്ട്. നാട്ടുകാർ കൂട്ടം ചേർന്ന ബഹുജന സംഘടനക്ക് രൂപം കൊടുത്ത് സമരം നടത്താനുള്ള ഒരുക്കത്തിലാണ്.

.....................................

അടിയന്തരമായി റോഡ് നന്നാക്കാത്ത പക്ഷം റോഡ് ഉപരോധം ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ട് പോകും.

കുതിർക്കൂർ കരി സ്വദേശി തോമാച്ചൻ,പ്രദേശവാസി