ആലുവ: ആലുവ നഗരസഭ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതായി പരാതി. ടൂറിസ്റ്റ് ബസുകൾ, മിനിലോറികൾ, കാറുകൾ, ബൈക്കുകൾ തുടങ്ങിയവയാണ് ഇരുവശത്തുമായി പാർക്ക് ചെയ്യുന്നത്. ബസുകൾ കയറുന്നതും പുറത്തേക്ക് പോകുന്നതുമായ വഴികളിലാണ് പാർക്കിംഗ് കൂടുതൽ. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ വാഹനങ്ങൾ കുറച്ച് നേരത്തേക്ക് മാത്രമാണ് പാർക്ക് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ പാർക്ക് ചെയ്യുന്നവ രാത്രിയാണ് നീക്കുന്നത്. പരിസരത്തെ കച്ചവടക്കാരുടെ വാഹനങ്ങൾ മാത്രമല്ല, മെട്രോയിൽ എറണാകുളത്തും മറ്റും ജോലിക്ക് പോകുന്നവരുടെ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മെട്രോയുടെ പാർക്കിംഗ് ഫീസ് ഒഴിവാക്കുന്നതിനാണിത്. ടൂറിസ്റ്റ് ബസുകൾ മാസങ്ങളോളം പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്.