ആലുവ: ഐ.എം.എയുടെ മുമ്പിലെ വാഴാത്ത ക്രോസ് ബാർ നാലാം വട്ടവും പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി. ഇക്കുറി ക്രോസ് ബാറിനായി പൈപ്പുകൾ കോൺക്രീറ്റിൽ ഉറപ്പിക്കാനാണ് വാട്ടർ അതോറിട്ടി അധികൃതരുടെ തീരുമാനം.
ക്രോസ് ബാർ സ്ഥാപിച്ച് മൂന്ന് മാസത്തിനിടെ നാല് തവണയാണ് വാഹനങ്ങളിടിച്ച് തകർന്നത്. മൂന്ന് വട്ടവും തകർത്ത വാഹന ഉടമകൾ തന്നെ ക്രോസ് ബാർ പുനഃസ്ഥാപിച്ചതിനാൽ മറ്റ് നിയമനടപടികളൊന്നും ഉണ്ടായിരുന്നില്ല. ആവശ്യത്തിന് ഉറപ്പില്ലാതെ പൈപ്പ് സ്ഥാപിച്ചതാണ് വാഹനങ്ങൾ മുട്ടുമ്പോൾ തന്നെ നിലം പൊത്താൻ കാരണമെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിക്കാൻ തീരുമാനിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇ.എസ്.ഐ റോഡ്, സബ് ജയിൽ റോഡുകളിൽ നിന്ന് പൈപ്പ് ലൈൻ റോഡിലേക്ക് വാഹനങ്ങൾ എത്തുന്നത്. ഇവിടെ ഭാരവണ്ടികളുടെ ഗതാഗതം ഇല്ലാതാക്കാനാണ് അധികം വീതിയും പൊക്കവുമില്ലാതെ ക്രോസ് ബാർ സ്ഥാപിച്ചത്. ക്രോസ് ബാർ പുനഃസ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതിനെ തുടർന്ന് ബി.എസ്.എൻ.എൽ, എം.എൽ.എ ഓഫീസ് എന്നിവയുടെ മുന്നിലൂടെയുള്ള ഗതാഗതം തടഞ്ഞത് വാഹനയാത്രക്കാരെ വലച്ചു.