കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ ഒമ്പതാമത് പ്രതിഷ്ഠാദിന വാർഷികം 12ന് ആഘോഷിക്കും. ക്ഷേത്രാചാര്യൻ ഡോ. കാരുമാത്ര വിജയൻ തന്ത്രിയുടെ നേതൃത്വത്തിൽ മേൽശാന്തി ശ്രീരാജ്, അഭിലാഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ പൂജ നടക്കും.

രാവിലെ മഹാഗണിപതി ഹോമവും കലശാഭിഷേകവും ശ്രീഭൂതബലിയും നടക്കും. 9ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ദീപാർപ്പണം നടത്തുന്നതോടെ പൊങ്കാലയിടൽ ആരംഭിക്കും. ഡോ. വിജയൻ തന്ത്രി അനുഗ്രഹപ്രഭാഷണവും പൊങ്കാലസമർപ്പണവും നടത്തും. തുടർന്ന് പ്രസാദഊട്ട്. വൈകിട്ട് നിറമാല ചുറ്റുവിളക്കും ദീപാരാധനയും പുഷ്പാഭിഷേകവും കളമെഴുത്തുംപാട്ടും ഗുരുതിയും നടത്തും. കൊരട്ടി നാരായണക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന മുടിയാട്ടത്തിനുശേഷം മംഗളപൂജയും പ്രസാദവിതരണവും ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.